മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് കൊമേഡിയന്‍ ഭാരതി സിംഗ്

By Web TeamFirst Published Jan 27, 2020, 9:13 AM IST
Highlights

എഫ്ഐആര്‍ ദുര്‍ബലപ്പെടുത്തണമെന്നും പഞ്ചാബ് പൊലീസിന്‍റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നുമാണ് ആവശ്യം. 

ദില്ലി: ടെലിവിഷന്‍ ഷോക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവെ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊമേഡിയന്‍ ഭാരതി സിംഗ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആറില്‍ മാറ്റം ആവശ്യപ്പെട്ടാണ് ഭാരതി സിംഗ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജനുവരി 27ന് കേസ് കേള്‍ക്കാനിരിക്കെയാണ് ഭാരതിസിംഗ് കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ ദുര്‍ബലപ്പെടുത്തണമെന്നും പഞ്ചാബ് പൊലീസിന്‍റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നുമാണ് ആവശ്യം. 

പഞ്ചാബിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംവിധായിക ഫറാ ഖാന്‍, നടി രവീണ ടാണ്ടന്‍, എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അമൃത്സര്‍ സ്വദേശിയായ സോനു ജാഫര്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. 

രവീണ ടാണ്ടനും ഫറാ ഖാനും നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് 25 വരെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന് ജനുവരി 23 ന് പഞ്ചാബ് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂവരോടും അമൃത്സര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഫരാ ഖാന്‍ മാപ്പ് പറഞ്ഞിരുന്നു. '' മതങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അത്. മുഴുവന്‍ ടീമിനും വേണ്ടി രവീണ ടണ്ടന്‍, ഭാരകി സിംഗ്,... ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു''. - ഫറാ ഖാന്‍ പറഞ്ഞു. രവീണ ടണ്ടനും സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു. 

click me!