
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു മാര്‍ക്കോ. അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫിയില്‍ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രവും അതുതന്നെ. മാര്‍ക്കോയുടെ തുടര്‍ച്ച അതിനേക്കാള്‍ വലിയ കാന്‍വാസില്‍ വരുമെന്നാണ് അണിയറക്കാര്‍ നേരത്തേതൊട്ടേ പറയുന്നത്. എന്നാല്‍ മാര്‍ക്കോ സിരീസ് താനിനി തുടരുന്നില്ല എന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.
“ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി”, ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍. ഉണ്ണി മുകുന്ദന്‍റെ മറുപടിയുടെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.
മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ ചിത്രമായിരുന്നു മാര്‍ക്കോ. വിശേഷിച്ചും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കാര്യമായി തിയറ്ററുകളിലെത്തി ചിത്രം കണ്ടിരുന്നു. പ്രൊമോഷന്‍റെ ഭാഗമായി ആ സമയത്ത് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹിന്ദി അഭിമുഖങ്ങളും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ടെലിവിഷനിലെ പ്രദര്‍ശനാനുമതി സിബിഎഫ്‍സി നിഷേധിച്ചിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണിത്. ഹനീഫ് അദേനി ആയിരുന്നു സംവിധായകന്‍. ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്.
ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, അഭിമന്യു ഷമ്മി തിലകന്‍, ആന്‍സണ്‍ പോള്‍, യുക്തി തരേജ, ദുര്‍വ താക്കര്‍, ഷാജി ചെന്‍, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, രവി ബാബു, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയത്.