'മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല'; തെറ്റായ പ്രചരണത്തിനെതിരെ നിയമനടപടിക്ക് നിര്‍മ്മാതാവ്

By Web TeamFirst Published Aug 2, 2021, 12:44 PM IST
Highlights

"ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്"

മേതില്‍ ദേവികയും മുകേഷും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ താന്‍ വ്യക്തിപരമായി നേരിട്ട ദുരവസ്ഥയെക്കുറിച്ച് പറയുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും കവിയുമായ രാജീവ് ഗോവിന്ദന്‍. നിര്‍മ്മിച്ച സിനിമകളുടെ ടൈറ്റിലുകളിലും പ്രസിദ്ധീകരിച്ച പുസ്‍തകങ്ങളിലുമൊക്കെ രാജീവ് ഗോവിന്ദന്‍ മുന്‍പ് ഉപയോഗിച്ചിരുന്നത് രാജീവ് നായര്‍ എന്ന പേരാണ്. മേതില്‍ ദേവികയുടെ മുന്‍ഭര്‍ത്താവ് രാജീവ് നായര്‍ താനാണെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരണം നടത്തുകയാണെന്നും ആളുകളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തെന്നും രാജീവ് ഗോവിന്ദന്‍ പറയുന്നു. ഒപ്പം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും.

രാജീവ് ഗോവിന്ദന്‍ പറയുന്നു

ആ രാജീവ് നായർ ഞാനല്ല... മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്‍റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്‍റെ  ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ  ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 

രാജീവ് ഗോവിന്ദൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!