ബിഗ് ബോസ് മലയാളം സീസൺ 8 ലെ കഠിനമായ വീക്ക്‌ലി ടാസ്കിനിടെ മത്സരാർത്ഥികൾ തമ്മിൽ വലിയ തർക്കങ്ങളും കയ്യാങ്കളിയുമുണ്ടായി

ഏറെ പ്രത്യേകതകളുമായി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ ആവേശകരമായ ഒരു വാരമാണ് പുരോഗമിക്കുന്നത്. മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇക്കുറി നല്‍കിയത്. മുന്‍ സീസണുകളില്‍ ഏറെ ആഴ്ചകള്‍ക്ക് ശേഷം നല്‍കുന്ന ടാസ്കുകളുടെ കാഠിന്യം ഇത്തവണത്തെ വീക്ക്ലി ടാസ്കിന് ഉണ്ടായിരുന്നു. ലീഡര്‍ ആയ നോബിക്കും അനുയായികള്‍ക്കും മാത്രം ഹൗസില്‍ പ്രവേശനം നല്‍കി മറ്റുള്ളവരെ ഹൗസിന് പുറത്തേക്ക് മാറ്റുകയായിരുന്നു ബിഗ് ബോസ്. ഭക്ഷണത്തിനും വാഷ് റൂം ഉപയോഗിക്കാനോ പോലും കൃത്യമായ നിയന്ത്രണങ്ങളോടെ ലീഡറുടെയും അനുയായികളുടെയും അനുമതി മത്സരാര്‍ഥികള്‍ക്ക് വേണ്ടിയിരുന്നു. കൃത്യമായ ഉറക്കമോ ഭക്ഷണമോ ഇല്ലാത്തതിനാല്‍ കടുത്ത മത്സരത്തിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ വാഗ്വാദങ്ങളും വലിയ തര്‍ക്കങ്ങളും ഒട്ടേറെയുണ്ടായി. അതിലൊന്ന് അല്‍പം ഗൗരവത്തില്‍ ആവുകയും ചെയ്തു.

മത്സരാവേശത്തിനിടയില്‍ താഷി എല്‍ദോയ്ക്കെതിരെ പാഞ്ഞടുക്കുകയായിരുന്നു. ഒന്നും സംഭവിക്കാതിരിക്കാന്‍ തടയാനെത്തിയ ഗൗതമിനെ താഷി തള്ളി മാറ്റി. എന്നാല്‍ വാരിയെല്ലിന് താഴെ പ്രഹരമേറ്റ ഗൗതം ഇരിക്കുകയായിരുന്നു. പലരും താങ്ങിയെടുത്താണ് ഗൗതത്തെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയത്. തിരികെയെത്തിയ ഗൗതം താന്‍ ഫിസിക്കല്‍ അസോള്‍ട്ട് നേരിട്ടുവെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. താഷിയെ പുറത്താക്കണമെന്നും അല്ലെങ്കില്‍ താന്‍ ഇവിടെ തുടരില്ലെന്നും എല്‍ദോയും പറയുന്നുണ്ടായിരുന്നു. പിന്നാലെ ബിഗ് ബോസ് താഷിയെയും ഗൗതം ശശിയെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

കനത്ത ശബ്ദത്തിലാണ് താഷിയെ ബിഗ് ബോസ് വിളിപ്പിച്ചത് തന്നെ. കുറച്ച് സമയം അവിടെ ഇരുത്തിയതിന് ശേഷമാണ് താഷിയോട് ബിഗ് ബോസ് സംസാരിച്ചത്. താന്‍ ചെയ്തത് പൂര്‍ണ്ണമായും തെറ്റാണെന്ന് താഷി പറഞ്ഞില്ല. മറിച്ച് ഒരു പ്രതികരണമാണ് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്നും ബിഗ് ബോസിന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പിന്നീടെത്തിയ ഗൗതം താന്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് വിശദീകരിച്ചു. വിഷയത്തിന്‍റെ ഗൗരവം പൂര്‍ണ്ണമായും മനസിലാക്കുന്നുവെന്നും ഒരു തീരുമാനം ഉണ്ടാവുമെന്നുമാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. അത് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡില്‍ പറയുമെന്നും അതുവരെ കാത്തിരിക്കാനും ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിച്ചു. മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming