
ജയൻ നമ്പ്യാർ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ 'വിലായത്ത് ബുദ്ധ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച ഡബിൾ മോഹൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കഥാപാത്രമാണ് ഷമ്മി തിലകൻ അവതരിപിച്ച ഭാസ്കരൻ മാസ്റ്റർ എന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മറ്റും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് ഷമ്മി തിലകൻ.
കൂടെ അഭിനയിക്കുന്ന കോ ആർട്ടിസ്റ്റുകൾ താൻ അഭിനയിക്കുമ്പോൾ റിയാക്ഷൻ തരാതെ നിൽക്കുന്നുവെന്നും, അങ്ങനെ ചെയ്യാത്ത രണ്ട് പേർ പൃഥ്വിരാജും ദുൽഖറുമായിരുന്നെന്ന് ഷമ്മി തിലകൻ പറയുന്നു. അതുകൊണ്ട് തന്നെ വിലായത്ത് ബുദ്ധയ്ക്ക് ശേഷം സിനിമയിൽ നിന്നും താൻ വിരമിക്കാൻ പദ്ധതിയിടുന്നെന്നും ഷമ്മി തിലകൻ പറയുന്നു.
"ഞാൻ ഓപ്പൺ ആയിട്ട് പറയുകയാണ്, ഇത് ഞാൻ പറയണം എന്ന വിചാരിച്ചതല്ല. വിലായത്ത് ബുദ്ധ എന്ന സിനിമയോട് കൂടി ഞാൻ വിരമിക്കുകയാണ്. വിആർഎസ് എടുക്കണം എന്ന് വിചാരിച്ചിരുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോഴും. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുക എന്ന് പറയാറില്ലേ. ഈ സിനിമയിൽ ഉള്ള കോ ആർട്ടിസ്റ്റുകൾ, പ്രത്യേകം പറയുകയാണാമെങ്കിൽ പൃഥ്വിരാജ്. പല സിനിമയിൽ നിന്നും തിക്താനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ അഭിനയിക്കുന്ന സീനുകളിൽ കൂടെ നിൽക്കുന്ന നായകനായിക്കോട്ടെ, ആർട്ടിസ്റ്റ് ആയിക്കോട്ടെ, ഞാൻ പറയുന്ന ഡയലോഗിന് റിയാക്ഷൻ ഒന്നുമില്ലാതെ ഇങ്ങനെ നിൽക്കുക, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്നോട് നേരിട്ട് കാണിക്കുക, അഭിനയിക്കുമ്പോൾ റിയാക്ട് ചെയ്യാതെ ഇരിക്കുക എന്ന് പറയുന്നത് ശരിയല്ല." ഷമ്മി തിലകൻ പറയുന്നു.
"പിന്നെ ഞാൻ എന്തിനാണ് ഈ പണി ചെയ്യുന്നത്? ഭാസ്കരൻ മാഷ് എന്ന വേഷം ഉണ്ടായത് തന്നെ, എനിക്ക് ഇത്രയും പ്രശംസ ലഭിക്കാൻ കാരണം പോലും നൂറ് ശതമാനം പൃഥ്വിരാജ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പൃഥ്വിരാജിന്റെ സ്ഥാനത്ത് വേറെ നടനായിരുന്നെങ്കിൽ എന്നെ ഇത്രയും സ്‌കോർ ചെയ്യാൻ സമ്മതിക്കില്ല. പൃഥ്വിരാജിനെ പോലെ മനസ്ഥിതിയുള്ള നടന്മാർ വരട്ടെ ഞാൻ അഭിനയിക്കും. ദുൽഖർ രാജുവിന്റെ അതേപോലെ തന്നെയാണ്. ദുൽഖർ ഒരിക്കലും എന്നോട് അങ്ങനെയൊന്നും കാണിച്ചിട്ടില്ല. അത് ഞാൻ പറയാൻ വിട്ടുപോയി. അവരോട് രണ്ട് പേരോടും ഞാൻ കടപ്പെട്ടിരിക്കുന്നു." ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.