
ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം റിലീസിനൊരുങ്ങുകയാണ്. റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ഇപ്പോഴിതാ സൈനിക് സ്‌കൂളിലെ ജീവിതം എങ്ങനെയാണ് തന്റെ പോലീസ് കഥാപാത്രങ്ങളിൽ പ്രതിഫലിച്ചത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ. ആർമിയിൽ അഭിമുഖത്തിന് പോവാൻ വേണ്ടി നിന്നിരുന്ന സമയത്താണ് അച്ഛന്റെ മരണമെന്നും ഇന്ദ്രജിത്ത് ഓർത്തെടുക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം.
"കാക്കി എന്റെ സ്‌കൂൾ യൂണിഫോം ആയിരുന്നു. ഞാൻ സൈനിക് സ്‌കൂളിൽ ആയിരുന്നു പഠിച്ചത്. കാക്കി ഷർട്ട്, കാക്കി പാന്റ് ഒക്കെയായിരുന്നു ഞങ്ങളുടെ യൂണിഫോം. അതുകൊണ്ട് തന്നെ കാക്കി ഇടേണ്ട ഒരു രീതിയുണ്ട്. അത് കൃത്യമായി അറിയാം. എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടുണ്ടെങ്കിൽ പണിഷ്‌മെന്റ് ലഭിക്കുമായിരുന്നു. കാക്കി ധരിക്കുമ്പോൾ അതിന്റെ രീതികൾ എല്ലാം തന്നെ സൈനിക സ്‌കൂളിൽ പഠിപ്പിച്ച് തരുമായിരുന്നു. ആ രീതി എന്റെ കഥാപാത്രങ്ങളിൽ, പ്രത്യേകിച്ച് പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. എങ്ങനെയായിരിക്കണം, എങ്ങനെ നിൽക്കണം, ഫോർമലായി നിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് എങ്ങനെ സംസാരിക്കണം, എങ്ങനെ നോക്കണം എന്നുള്ളതിലൊക്കെ സ്‌കൂൾ ഒരു വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സൈനിക് സ്‌കൂളിൽ പഠിച്ചത് കൊണ്ട് കൂടെയുണ്ടായിരുന്ന എല്ലാവരെയും പോലെ തന്നെ എനിക്കും പട്ടാളത്തിൽ ചേർന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു." ഇന്ദ്രജിത്ത് പറയുന്നു.
"അങ്ങനെ എക്സാം എഴുതി. അതിൽ യോഗ്യത നേടി, പിന്നെയാണ് എസ്എസ്ബി ബാംഗ്ലൂരിൽ ഇന്റർവ്യൂവിന് വിളിക്കുന്നത്. അന്നത്തെ കാലത്ത് എസ്എസ്ബി ഇന്റർവ്യൂ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമായിരുന്നു. എട്ടോ ഒൻപതോ പേരാണ് അന്ന് ആദ്യ ചാൻസിൽ തന്നെ യോഗ്യത നേടിയത്. അതിൽ ഒരാളായി വരാൻ എനിക്ക് സാധിച്ചു. ഞാൻ എന്തോ വലിയ സംഭവം ചെയ്തു എന്ന് പറയുന്നില്ല. വളരെ ഹോണസ്റ്റ് ആയാണ് അവിടെ ചെയ്തത്. അത് കഴിഞ്ഞ് മെഡിക്കൽ ടെസ്റ്റിന് ബാംഗ്ലൂർ പോയിരുന്നു. എന്റെ കണ്ണിൽ ആ സമയത്ത് ഒരു ഇൻഫെക്ഷൻ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ അത് ശരിയാക്കിയിട്ട് 15 ദിവസം കഴിഞ്ഞ് ഒന്ന് കൂടി വരാൻ പറഞ്ഞു. ആ 15 ദിവസത്തിനിടയിലാണ് അച്ഛൻ മരിക്കുന്നത്. പിന്നെ ഞാൻ ആർമിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അമ്മയോടൊപ്പം വീട്ടിൽ നിൽക്കുക എന്നുള്ളതായിരുന്നു പ്രധാനം. ഓരോ നിയോഗങ്ങളാണ്. അച്ഛൻ ഉണ്ടായിരുന്നെകിൽ ഞാൻ ചിലപ്പോൾ ആർമിയിൽ പോയേനെ. എന്റെ ഒരുപാട് സുഹൃത്തുക്കൾ ആർമിയിലുണ്ട്. പക്ഷെ അതൊരു വഴിത്തിരിവായി. സിനിമയിലെത്തി. ഇതിപ്പോൾ തൊണ്ണൂറ്റിയൊമ്പതാം സിനിമയാണ്." ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ