
അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് അനായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്തറിയാതെയിരിക്കാൻ ആറ് മാസത്തേക്ക് ആളുകളുടെ മുന്നിൽപ്പെടരുതെന്നും, അവർ ഫോട്ടോകൾ എടുക്കാൻ സാധ്യതയുണ്ടെന്നുമുള്ള നിർദ്ദേശം പ്രഭാസിന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ നല്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാവുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു. കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം രാജ സാബ് ആണ് പ്രഭാസിന്റെ റിലീസ് ചെയ്യാനായിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഐതിഹ്യങ്ങളും മിത്തുകളും എഡ്‍ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം.
'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.