
മുംബൈ: മയക്കുമരുന്ന് കേസില്‍ അന്വേഷണം നേരിടുന്ന രണ്ട് പേരുമായി തനിക്ക് ബന്ധമില്ലെന്ന് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. അന്വേഷണം നേരിടുന്ന ക്ഷിതിജ് പ്രസാദ്, അനുഭവ് ചോപ്ര എന്നിവര്‍ കരണ്‍ ജോഹറിന്റെ സഹായികളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'' നിരവധി മാധ്യമങ്ങളും ന്യൂസ് ചാനലുകളും ക്ഷിതിജ്് പ്രസാദ്, അനുഭവ് ചോപ്ര എന്നിവര്‍ എന്റെ സഹായികളാണെന്ന് റിപ്പോര്‍ട്ട് ചെയ്തതായ കണ്ടു. ഇരുവരെയും എനിക്ക് വ്യക്തിപരമായി അറിയില്ല. ഈ രണ്ട് പേരും എന്റെ 'സഹായി'കളുമല്ല. '' - കരണ്‍ ജോഹര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്റെ ജീവനക്കാരനല്ല അനുഭവ് ചോപ്ര. എന്നാല്‍ 2011 നും 2013നും ഇടയില്‍ സ്വതന്ത്രമായി ധര്‍മ്മ പ്രൊഡക്ഷക്ഷന്‍സിന്റെ പ്രൊജക്ടുകളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി. 2019 നവംബറില്‍, ധര്‍മ്മ പ്രൊഡക്ഷനുമായി ബന്ധമുള്ള ധര്‍മാറ്റിക് എന്റര്‍ടെയ്ന്‍മെന്റില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളായി ക്ഷിതിജ്് രവി പ്രസാദ് കരാര്‍ അടിസ്ഥാനത്തില്‍ ചേര്‍ന്നിരുന്നുവെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.
''ആരെങ്കിലും അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഞാനോ എന്റെ ധര്‍മ്മ പ്രൊഡക്ഷനോ ഉത്തരവാദികളല്ല...'' - കരണ്‍ ജോഹര്‍ വ്യക്തമാക്കി. ''ഞാന്‍ ഒരു തവണ കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്, ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല. ഞാന്‍ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുമില്ല''- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ദീപികാ പദുകോണ്‍ അടക്കം ബോളിവുഡിലെ മുന്‍നിര നായികമാരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. 2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങള്‍ കൂടി അന്വേഷണ സംഘം ഇന്നലെ നല്‍കി.
ദീപികയുടെ മാനേജര്‍ കരിഷ്മയും സുശാന്ത് സിങ്ങിന്റെ മാനേജര്‍ ജയ സഹയും ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താന്‍ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കു വേണ്ടിയാണെന്നാണ് രാകുലിന്റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ