'അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു, ഇപ്പോഴാണ് കത്ത്'! അനുഭവം പറഞ്ഞ് ഷമ്മി തിലകന്‍

Published : Jan 29, 2026, 10:45 PM IST
i got invitation for film awards 4 days after the event says Shammy Thilakan

Synopsis

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ക്ഷണക്കത്ത് ലഭിച്ചെന്ന് നടന്‍ ഷമ്മി തിലകന്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി തനിക്കയച്ച കത്ത് പരിപാടി കഴിഞ്ഞ് 4 ദിവസം കഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ ഷമ്മി തിലകന്‍. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതിനെ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഷമ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം ഇതിലെ 'ആർട്ട്' ആണ് ഞാൻ ശ്രദ്ധിക്കുന്നതെന്നും.

ഷമ്മി തിലകന്‍റെ കുറിപ്പ്

സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം!

സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.

പക്ഷേ, എന്റെ 'മഹനീയ സാന്നിധ്യം' അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്—ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!

അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ 'സമയനിഷ്ഠ'യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?

ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ 'ആർട്ട്' ആണ് ഞാൻ ശ്രദ്ധിക്കുന്നത്!

ചില നിരീക്ഷണങ്ങൾ:

"വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല" എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ 'അഡ്വാൻസ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.

'സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല' എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ?

അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?

പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു... അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ?

സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും 'കൊറിയർ' വരേണ്ടതുണ്ടോ?

നന്ദി,

ഷമ്മി തിലകൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബഹുമാനമില്ല, സീനിയര്‍ നടനെ കളിയാക്കുന്നു'; പഴയ വൈറല്‍ അഭിമുഖത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അമീന്‍
ക്യാമ്പസ് പശ്ചാത്തലത്തിലെ ഹൊറര്‍ കോമഡി; 'പ്രകമ്പനം' നാളെ തിയറ്ററുകളിലേക്ക്