''ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് സങ്കടകരമാണ്.''

തങ്ങളുടെ പിതാവ് സുരേഷിനെ അവസാന കാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷും അഭിരാമി സുരേഷും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആശ്രമങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആളായിരുന്നു തങ്ങളുടെ അച്ഛനെന്നും അല്ലാതെ ആരും അച്ഛനെ അനാഥാലയത്തിൽ കൊണ്ടുചെന്ന് ആക്കിയിട്ടില്ലെന്നും അമൃതയും അഭിരാമിയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ അമ്മ ലൈല. യൂട്യൂബ് ചാനലിലൂടെയായിരുന്നു തുറന്നുപറച്ചിൽ.

''ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായി. നമ്മള്‍ അതിനെ നേരിട്ട് മുന്നോട്ടു പോകുക എന്നു മാത്രമേയുള്ളൂ. വൃദ്ധസദനത്തില്‍ കൊണ്ടാക്കാന്‍ അമൃതയുടെ അച്ഛന്‍ 96 വയസുള്ള കിളവനായിരുന്നില്ല. 62 വയസുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. ഓടി നടക്കുന്ന ആളായിരുന്നു. ഈ പിള്ളേര് രണ്ടു പേരും ഒരിക്കലും അങ്ങനെ ചെയ്യില്ല. അച്ഛന്‍ എന്നുവെച്ചാല്‍ ജീവനായിരുന്നു. മരിച്ചിട്ടും സമാധാനമില്ല. ഇതില്‍ തെളിവൊന്നും കാണിക്കാന്‍ കഴിയില്ല. നെഞ്ചില് ഭയങ്കര ഭാരമാണ്. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് സങ്കടകരമാണ്. ഗോപി സുന്ദര്‍ വന്നിട്ടാണ് അദ്ദേഹം പോയത് എന്ന് പറയുന്നുണ്ട്. അതൊന്നുമല്ല കാരണം. അദ്ദേഹം ആരുടെയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരുന്നില്ല. ഞാന്‍ ആയിരുന്നു എന്നും ശല്യക്കാരിയായ അമ്മ'', ലൈല വീഡിയോയിൽ പറഞ്ഞു.

അമൃതയുടെ അച്ഛൻ സുരേഷിന്റെ സഹോദരിയും ചേട്ടന്റെ ഭാര്യയും വീഡിയോയിൽ ലൈലക്കൊപ്പം സംസാരിക്കുന്നുണ്ട്. ''ഈ പിള്ളേരെ ഇങ്ങനെ വലിച്ചു കീറുന്നതില്‍ വിഷമമുണ്ട്. ഒരു കല്യാണം കഴിച്ചത് മുതല്‍ തുടങ്ങിയ കഷ്ടകാലമാണ്'', എന്നായിരുന്നു സുരേഷിന്റെ സഹോദരഭാര്യ പ്രതികരിച്ചത്. ഇത്തരം വാർത്തകൾ കേട്ട് വിഷമം തോന്നി തങ്ങൾ ഓടിവന്നതാണെന്നും ഇരുവരും പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക