
കഥയിലും ആഖ്യാനത്തിലും എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ മികപ്പോഴും വലിയ ചര്‍ച്ച സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ലിജോയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു 2021 ല്‍ പുറത്തിറങ്ങിയ ചുരുളി. ചിത്രത്തില്‍ അശ്ലീലഭാഷ ധാരാളമായി ഉപയോഗിച്ചു എന്നതായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ വിമര്‍ശനത്തിന് കാരണം. ഇത് പരാതിയായി ഹൈക്കോടതി വരെ എത്തുകയും ഒടുവില്‍ കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ചിത്രത്തിലെ ചില രംഗങ്ങള്‍, വിശേഷിച്ചും ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റേത് റീലുകളായും ഷോര്‍ട്ട്‍സുകളായുമൊക്കെ ധാരാളമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ജോജു ജോര്‍ജ്.
പുതുതായി അഭിനയിച്ച നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥം തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി ജോജുവിന്‍റെ പ്രതികരണം. ചുരുളിയിലെ ചില ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായി ഉപയോഗിക്കുന്ന ഒരു പ്രവണത കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ജോജുവിന്‍റെ പ്രതികരണം ഇങ്ങനെ- തെറി പറയുന്ന പതിപ്പ് അവാര്‍ഡിനും ഫെസ്റ്റിവല്‍ സ്ഥലത്തുമാണ് വരിക എന്നാണ് എന്നോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്, ജോജുവിന്‍റെ പ്രതികരണം. എഫ്എഫ്‍കെയില്‍ കാണിച്ച പതിപ്പില്‍ ഒരു തെറി പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന അന്വേഷണത്തിന് ജോജു ഇങ്ങനെ പറയുന്നു- അതാണ് ഞാന്‍ ഡബ്ബ് ചെയ്ത പതിപ്പ്. ആ പതിപ്പാണ് ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ ഇറങ്ങിയത് തെറി ഉള്ളത് ആയിപ്പോയി. അനുഭവിക്കുക, ജോജു ജോര്‍ജ് പറയുന്നു.
അതേസമയം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു സാങ്കല്‍പിക ഭൂമിക ഫലപ്രദമായി സൃഷ്ടിക്കാന്‍ ജോജു ഉപയോഗിച്ച ടൂള്‍ ആയിരുന്നു ഇത്തരത്തിലുള്ള സംഭാഷണങ്ങളെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്. സ്ട്രീമിംഗില്‍ ഹിറ്റും ആയിരുന്നു ചിത്രം.
ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്