ലൂസിഫറിന് പകരം 11 എപ്പിസോഡില്‍ ഒരു വെബ് സിരീസ് ചെയ്താലോ എന്ന് ആലോചിച്ചിരുന്നു: പൃഥ്വിരാജ്

By Web TeamFirst Published May 19, 2019, 5:10 PM IST
Highlights

"മുരളിയും ഞാനും ലൂസിഫറിന്റെ കഥ സംസാരിച്ചുതുടങ്ങിയ സമയത്തേ ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരൊറ്റ സിനിമയില്‍ അവസാനിക്കേണ്ട ഒന്നല്ല ഇത്. അത്തരത്തിലാണ് അത് എഴുതപ്പെട്ടിരിക്കുന്നതും."

'ലൂസിഫറി'ന്റെ രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പൃഥ്വിരാജ് ഇതിനകം പറഞ്ഞുകഴിഞ്ഞു. ഒരു സീക്വലിനുള്ള സാധ്യതകള്‍ പാടെ തള്ളിക്കളയാതെ, എന്നാല്‍ അത്തരത്തില്‍ ഒരു ചിത്രം ഒരുക്കണമെങ്കില്‍ തനിക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഒരു രണ്ടാംഭാഗം ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഒരു കാര്യം അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്. 'ഒറ്റ സിനിമയ്ക്കുള്ള ഒരു കഥയായിട്ടല്ല ലൂസിഫര്‍ എഴുതപ്പെട്ടിരിക്കുന്നത്'. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു കാര്യം കൂടി പൃഥ്വിരാജ് വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ കഥ ചര്‍ച്ച ചെയ്ത സമയത്ത് ഇതൊരു വെബ് സിരീസ് ആക്കിയാലോ എന്ന് തനിക്ക് തോന്നിയിരുന്നുവെന്ന്..

'മുരളിയും ഞാനും ലൂസിഫറിന്റെ കഥ സംസാരിച്ചുതുടങ്ങിയ സമയത്തേ ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരൊറ്റ സിനിമയില്‍ അവസാനിക്കേണ്ട ഒന്നല്ല ഇത്. അത്തരത്തിലാണ് അത് എഴുതപ്പെട്ടിരിക്കുന്നതും. 11 എപ്പിസോഡുള്ള ഒരു സിരീസ് ആയി ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോം വഴി ഈ കഥ അവതരിപ്പിച്ചാലോ എന്ന് ശരിക്കും തോന്നിയിരുന്നു. കാരണം അത്രയും പരന്നുകിടക്കുന്നതാണ് കഥ. മുഴുവന്‍ കഥയില്‍ നിന്ന് കുറച്ച് കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു ഭാഗം മാത്രമെടുത്താണ് സിനിമ ചെയ്തിരിക്കുന്നത്', പൃഥ്വിരാജിന്റെ വാക്കുകള്‍.

അതേസമയം തീയേറ്ററുകളില്‍ അന്‍പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിനൊപ്പമാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ ലൂസിഫര്‍ സ്ട്രീംമിംഗിന് എത്തിയത്. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രമെത്തി. മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയവുമാണ് ലൂസിഫര്‍. 50 ദിവസം കൊണ്ട് 200 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്.

click me!