
ഒരു അഭിനേതാവ് എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് മമ്മൂട്ടി നല്‍കിയ ഉപദേശത്തെക്കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സംവിധായകന്‍ ടി വി ചന്ദ്രന്‍ സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ കൊച്ചിയിലെ ആഘോഷവേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മമ്മൂട്ടിയും വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ഷൈനിന്‍റെ പരാമര്‍ശം. ഒരു നടന്‍ സിനിമകളുടെ ബജറ്റിന്‍റെ വലിപ്പച്ചെറുപ്പം നോക്കാതെ അഭിനയിക്കണമെന്നും എന്നാല്‍ മാത്രമേ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാനാവൂ എന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നെന്ന് ഷൈന്‍ പറഞ്ഞു. തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ സൂപ്പര്‍താരം വിജയ്‍യോട് താന്‍ ഇക്കാര്യം പറഞ്ഞെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ സിനിമയില്‍ വന്ന് മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു നടന്‍ ഒരു ബിഗ് ബജറ്റ് പടം ചെയ്തു കഴിഞ്ഞാല്‍ അതോടൊപ്പം ലോ ബജറ്റ് പടങ്ങളും ചെയ്യണം. അതായത് നമ്മള്‍ 50 കോടിയുടെ പടം ചെയ്തു, അതുകഴിഞ്ഞ് 55 കോടിയുടെ പടം ചെയ്തു, പിന്നെ 100 കോടിയുടെ, 150 കോടിയുടെ പടങ്ങള്‍. അങ്ങനെയല്ല ഒരു ആക്റ്റര്‍ ഉണ്ടാവേണ്ടത്. 50 കോടിയുടെ പടം കഴിഞ്ഞാല്‍ ആ നടന് 2 കോടിയുടെയും പടം ചെയ്യാന്‍ പറ്റണം. എന്നാലേ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുകയുള്ളൂ. പടങ്ങളും നല്ലത് ഉണ്ടാവുള്ളൂ. ഇക്കാര്യം ഉള്ളില്‍ വച്ചിട്ട് ഞാന്‍ വിജയ്‍യുടെ അടുത്ത് ചോദിച്ചു. സാറേ, ഒരു വര്‍ഷം ഒരു പടമാണ് നിങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പുള്ളി പറഞ്ഞു ഈ പടം ചെയ്തു കഴിയുമ്പോഴേക്ക് ഒരു വര്‍ഷമാവും. ചെറിയ പടങ്ങള്‍ ചെയ്തുകൂടേ എന്ന് ഞാന്‍ ചോദിച്ചു. 2 കോടിയുടെയും രണ്ടര കോടിയുടെയുമൊക്കെ പടങ്ങള്‍. അപ്പോള്‍ പുള്ളി എന്‍റെ മുഖത്ത് നോക്കി ചിരിച്ചു”, ഷൈന്‍ ടോം പറഞ്ഞു.
ഷൈന്‍ ടോമിന്‍റെ തമിഴ് അരങ്ങേറ്റം വിജയ് ചിത്രത്തിലൂടെ ആയിരുന്നു. വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത് 2022 ല്‍ പുറത്തെത്തിയ ബീസ്റ്റ് എന്ന ചിത്രമായിരുന്നു അത്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മാലിക് എന്ന കഥാപാത്രമായാണ് ഷൈന്‍ എത്തിയത്. അതേസമയം ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേര്‍ന്നാണ് ടി വി ചന്ദ്രന്‍റെ സിനിമയിലെ 50 വര്‍ഷങ്ങള്‍ ആഘോഷിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ