
കഴിഞ്ഞ ദിവസം 'ലോക'യുടെ വിജയത്തിൽ പ്രശംസകളുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ, വിനയൻ 'ലോക'യ്‌ക്കെതിരെ സംസാരിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുകയുണ്ടായി. താൻ മനസ്സിൽ വെച്ച കഥയാണ് അടിച്ചോണ്ട് പോയതെന്ന് വിനയൻ പറഞ്ഞുവെന്ന രീതിയിലാണ് ചില വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിനയൻ. ലോക പോലെയൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് തന്റെ മനസിലുണ്ടായിരുന്നുവെന്നും അങ്ങനെ പറയുന്നതിനെ മോശമായി കരുതേണ്ടതില്ലെന്നുമാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ പറയുന്നത്.
"ഓൺലൈൻ മാധ്യമത്തിൽ വന്ന ഈ വാർത്ത കണ്ടവരിൽ ചിലരെങ്കിലും സൂപ്പർഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാൻ സംസാരിച്ചതായി വിചാരിച്ചേക്കാം.. ലോകയുടെ കൺസപ്റ്റിനെ അഭിനന്ദിക്കുകയാണ് ഞാൻ ചെയ്തത്.. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും, ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്നും പറയുന്നത് മോശമായി കരുതേണ്ട. മനസ്സിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ.. ലോകയുടെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ." വിനയൻ കുറിച്ചു.
"ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്, പഴയകാല ഹൊറര്‍ കോണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ കഴിയും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റികഴിഞ്ഞു. ഞാന്‍ ഇനി വേറെ ഒരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതുപോലെയൊരു സബ്ജക്റ്റാണ് ലോക." എന്നായിരുന്നു കഴിഞ്ഞ ദിവസം വിനയൻ പ്രതികരിച്ചത്.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ലോക പ്രദർശനം തുടരുകയാണ്. ആഗോള കളക്ഷനായി 260 കോടിയിലധികം തുകയാണ് റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ