'മമ ധര്‍മ്മ അതിന്‍റെ അവസാന ലാപ്പില്‍'; സിനിമ പൂര്‍ത്തിയാക്കുമെന്ന് അലി അക്ബര്‍

By Web TeamFirst Published Oct 12, 2021, 8:54 PM IST
Highlights

ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും സംവിധായകന്‍

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് സംവിധായകന്‍ അലി അക്ബര്‍ (Ali Akbar). താന്‍ ബിജെപി (BJP) സംസ്ഥാന സമിതി അംഗത്വം രാജി വച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും എന്തായാലും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

"പുഴ മുതല്‍ പുഴ വരെയുടെ (1921 Puzha Muthal Puzha Vare) പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. മമധര്‍മ്മ അതിന്‍റെ അവസാനത്തെ ലാപ്പിലാണ്. കിഡ്‍നി കൊടുത്തിട്ടാണെങ്കിലും പുഴ മുതല്‍ പുഴ വരെ തീര്‍ക്കും. അതില്‍ യാതൊരു സംശയവും വേണ്ട. അത് നിന്നുപോകുമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. ഒരു കാര്യം പറഞ്ഞാല്‍ ജയിക്കാന്‍വേണ്ടിത്തന്നെ മുന്നില്‍ നില്‍ക്കും", അലി അക്ബര്‍ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും ഒരു സാധാരണ പാര്‍ട്ടി അംഗമായി തുടരുമെന്നും അലി അക്ബര്‍ പറഞ്ഞു.

'ഉത്തരവാദിത്തങ്ങളൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്നോട്ട് പോകും': ബിജെപി ഭാരവാഹിത്വം രാജിവച്ച് അലി അക്ബർ

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമ 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ നിര്‍മ്മിക്കുന്നത്. സിനിമയുടെ 60 ശതമാനം ഇതിനകം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ഏപ്രിലില്‍ സംവിധായകന്‍ അറിയിച്ചിരുന്നു. ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും അതിനുള്ള സഹായം വേണമെന്നും ഫേസ്ബുക്കിലൂടെ ഇക്കഴിഞ്ഞ ഞായറാഴ്ചയും അലി അക്ബര്‍ അഭ്യര്‍ഥന നടത്തിയിരുന്നു. 

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് 'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്നാണ് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരിക്കുന്നത്. 

click me!