
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, രണ്ടാം ഭാവം, സ്‌നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്‌ദീൻ, വെള്ളിമൂങ്ങ തുടങ്ങീ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ലെനയ്ക്കായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഒരുകാലത്ത് ടെലിവിഷൻ സീരിയലുകളിലും ലെന സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചാണ് ലെന മനസുതുറന്നത്. കൊടൈക്കനാലിൽ വച്ച് മാജിക് മഷ്‌റൂം പരീക്ഷിച്ചതും തുടർന്ന് ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെ കുറിച്ചും ലെന വെളിപ്പെടുത്തി.
"ഞാൻ പുസ്തകത്തിൽ എഴുതിയതുപോലെ ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് ആത്മസാക്ഷാത്കാരം ഉണ്ടാകുന്നത്. അന്നെന്റെ കയ്യിൽ സമ്പാദ്യമോ ജോലിയോയില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയിൽ എന്താണ് ദൈവം എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്റെ ബോധം ഉണരുന്നത്. ഞാനന്ന് പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അതെന്നെ ആശുപത്രിയിൽ എത്തിച്ചു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു." ലെന പറയുന്നു.
ഏകദേശം 14 വർഷത്തോളം എനിക്ക് മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു. ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ വലിയ സങ്കടം, സാമ്പത്തികമായി ഞാൻ തകർന്നുപോയി എന്നതാണ്. " ലെന പറയുന്നു.
"16 വയസ്സ് മുതൽ അഭിനയിച്ചും ആങ്കറിങ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസ്സിൽ ആദ്യമായി എന്റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു. ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഭൗതികമായ ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. ഞാൻ ആ റോക്ക് ബോട്ടത്തിൽ എത്തിനിൽക്കുകയായിരുന്നു. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തിൽ തകർന്നുപോയ, ഗർഭിണിയായ, പണമില്ലാത്ത ഒരു പെൺകുട്ടിയുടേതായിരുന്നു. എന്റെ അപ്പോഴത്തെ അതേ അവസ്ഥ. ആ സീരിയലിൽ ഞാൻ കരയുന്നതൊക്കെ എന്റെ യഥാർത്ഥ വിഷമത്തിൽ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്." ലെന കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലായിരുന്നു ലെനയുടെ വെളിപ്പെടുത്തൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ