
മറ്റ് ഇന്‍ഡസ്ട്രികളെയും ഞെട്ടിച്ച വിജയമായിരുന്നു വാഴ 2 നേടിയത്. അരങ്ങിലും അണിയറയിലും ഒട്ടേറെ നവാഗതരെ അണിനിരത്തി ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലാണ് ഇടംപിടിച്ചത്. ഒടിടി റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നു. സോഷ്യല്‍ മീഡിയ കോണ്ടെന്‍റുകളിലൂടെ വലിയ ആസ്വാദകവൃന്ദത്തെ സ്വന്തമാക്കിയ താരങ്ങളാണ് വാഴ 2 ലെ പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം തൊണ്ണൂറുകളിലാണ് എത്തിയിരുന്നതെങ്കിലോ? പ്രധാന കഥാപാത്രങ്ങളായി ആരൊക്കെ എത്തുമായിരുന്നു? കൗതുകകരമായ ഈ ഭാവനയില്‍ എത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍.
ഹാഷിര്‍ അവതരിപ്പിച്ച കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ദേവരാജിന്‍റെ കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നു. ബാബു ആന്‍റണിയും ശോഭനയും നെടുമുടി വേണുവും ശ്രീനിവാസനും മുകേഷുമൊക്കെയുണ്ട് ഈ എഐ വീഡിയോയില്‍. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കേരളത്തിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍ എന്ന് പരിചയപ്പെടുത്തുന്ന അശ്വതി അച്ചു എഐ എന്ന അക്കൗണ്ട് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ചിത്രത്തിന്‍റെ രചയിതാവും സഹനിര്‍മ്മാതാവുമായ വിപിന്‍ ദാസും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അജു വര്‍ഗീസും ദേവരാജുമൊക്കെ കമന്‍റ് ചെയ്തിട്ടുണ്ട്. 4 ലക്ഷത്തില്‍ അധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ സീക്വല്‍ ആയി എത്തിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാത്രമല്ല സംവിധായകനും മാറി. ആദ്യ ഭാഗത്തില്‍ ചെറു വേഷങ്ങളില്‍ എത്തിയ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, വിനായക് വി, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. നവാഗതനായ സവിന്‍ സ ആണ് ചിത്രത്തിന്‍റെ സംവിധാനം. വന്‍ വിജയം നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. ഭേദപ്പെട്ട കളക്ഷന്‍ തെലുങ്ക് പതിപ്പിനും ലഭിക്കുന്നുണ്ട്. അഖില്‍ ലൈലാസുരനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് കണ്ണന്‍ മോഹന്‍. അതേസമയം 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച പേട്രിയറ്റ് തിയറ്ററുകളില്‍ എത്തിയ ദിവസമാണ് ഈ വീഡിയോ പുറത്തിറങ്ങിയത് എന്ന കൗതുകവുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ