ഗോവ ചലച്ചിത്രോത്സവം: നവാഗത പുരസ്‍കാരത്തിന് മത്സരിക്കാൻ ഉയരെയും

By Web TeamFirst Published Oct 21, 2019, 11:31 AM IST
Highlights

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാൻ ഉയരെയും ഹെല്ലാരോയും.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാൻ മലയാളത്തില്‍ നിന്ന് ഉയരെയും. നവാഗത സംവിധായകൻ ഒരുക്കിയ ചിത്രത്തിനുള്ള പുരസ്‍കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക. അല്‍ജേറിയൻ സിനിമ എൺബൌ ലെയ്‍ല, കൊറിയൻ സിനിമ റൊമാംഗ്, റൊമാനിന സിനിമ മോണ്‍സ്റ്റേഴ്‍സ്, യുഎസ് സിനിമ മൈ  നേയിം ഈസ് സാറ, ക്ലീയോ എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. ഇന്ത്യയില്‍  നിന്ന് ഹെല്ലാരോ എന്ന സിനിമയും മത്സരത്തിനുണ്ട്.

പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ഉയരെ. മനു അശോകൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ പാര്‍വ്വതിയാണ് പ്രധാന കഥാപാത്രമായി എത്തിയത്. അഭിഷേക് ഷാ സംവിധാനം ചെയ്‍ത ഹെല്ലാരോ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം അടുത്തമാസം 20 മുതല്‍ 28 വരെയാണ് നടക്കുക. നവാഗത പുരസ്‍കാരം രജത മയൂരവും പ്രശസ്‍തിപത്രവും 10,000,00 രൂപയുടെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ്. രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്റെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

click me!