എന്തുകൊണ്ട് 'ജോണി വാക്കറി'ന് രണ്ടാംഭാഗം? ജയരാജ് പറയുന്നു

By Web TeamFirst Published Oct 20, 2019, 4:34 PM IST
Highlights

"കുട്ടപ്പായിയായി ഫസ്റ്റ് ചോയ്‌സ് ദുല്‍ഖര്‍ ആയിരുന്നു. കുട്ടപ്പായി ആവാന്‍ ദുല്‍ഖറിന് നന്നായിട്ട് പറ്റുമായിരുന്നു. ബോഡി ലാംഗ്വേജില്‍ നാടനും മോഡേണുമായി പെട്ടെന്ന് മാറാന്‍ ദുല്‍ഖറിന് പറ്റും."

മമ്മൂട്ടിയെ നായകനാക്കി 1992ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ജോണി വാക്കറി'ന് രണ്ടാംഭാഗം ഒരുക്കാന്‍ ജയരാജ്. ജോണി വാക്കറില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയിരുന്ന 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഭാഗം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദുല്‍ഖറിനെയാണ് ആദ്യം മനസില്‍ കണ്ടതെന്നും എന്നാല്‍ പ്രോജക്ട് ദുല്‍ഖര്‍ കമ്മിറ്റ് ചെയ്തില്ലെന്നും ജയരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിന്റെ രണ്ടാംഭാഗം ആലോചിക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു...

 

എക്കാലത്തും ആരാധകരുള്ള 'ജോണി വാക്കര്‍'

പല സ്ഥലത്ത് പോകുമ്പോഴും, പലരും അവരുടെ ഫേവറിറ്റ് സിനിമകളില്‍ ഒന്നായി ജോണി വാക്കറിന്റെ കാര്യം പറയാറുണ്ട്. അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. തൊണ്ണൂറുകളില്‍ ഇറങ്ങിയ സിനിമയ്ക്ക് ആ അര്‍ഥത്തില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈല്‍ അതിനുണ്ട്. അതുകൊണ്ടാണ് അതിന്റെ തുടര്‍ച്ചയ്ക്ക് ഒരു പോസിബിലിറ്റി ഉണ്ടെന്ന് മനസിലാക്കിയത്. 

പിന്നെ എനിക്ക് ഈ സിനിമയോടുള്ള വ്യക്തിപരമായ ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. എന്റെ കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. മമ്മൂക്കയോട് പറയുന്ന സമയത്തും കഥ അങ്ങനെ ആയിരുന്നില്ല, ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ്. അത് എന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു.

ജോണി വാക്കറിനൊപ്പം 'കട്ടയ്ക്ക്' നിന്ന കുട്ടപ്പായി

കുട്ടപ്പായി വളരെ രസകരമായ കഥാപാത്രമായിരുന്നു. ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രം. ആ പ്രായത്തില്‍തന്നെ അവന്‍ ജോണി വാക്കറിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഒന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ മേലെ തിരിച്ച് പറയുന്ന ഒരുത്തനാണ്. ജോണി വാക്കറിന്റെ അസാന്നിധ്യത്തില്‍ 'കുട്ടപ്പാടി' അവിടെ ഒറ്റയ്ക്ക് എങ്ങനെയാവും ജീവിക്കുക എന്നതാണ് ഞാന്‍ ചിന്തിച്ചത്. തന്റെ ഫാമിന്റെ താക്കോല്‍ കുട്ടപ്പായിയെ ഏല്‍പ്പിച്ചിട്ടാണ് ജോണി വാക്കര്‍ പോകുന്നത്. അത് കഴിഞ്ഞ് എന്തായിരിക്കും സംഭവിച്ചത് എന്ന അന്വേഷണമാവും പുതിയ സിനിമയില്‍ വരുന്നത്. അന്നത്തെക്കാലത്ത് കുട്ടപ്പായിക്ക് സ്വപ്‌നതുല്യമായ ഒന്നായിരുന്നല്ലോ ബാംഗ്ലൂരും  അവിടുത്തെ ജീവിതവും. അവന്‍ അവിടുത്തെ ക്യാമ്പസിന്റെ പരിസരത്ത് ഒരിക്കല്‍ക്കൂടി ചെന്നാല്‍ എങ്ങനെയാവും എന്നൊക്കെ തോന്നി. അങ്ങനെയൊക്കെയാണ് ജോണി വാക്കറിന്റെ ഒരു തുടര്‍ച്ചയെക്കുറിച്ച് ആലോചിക്കുന്നത്. 

ദുല്‍ഖറിന്റെ 'നോ'

കുട്ടപ്പായിയായി ഫസ്റ്റ് ചോയ്‌സ് ദുല്‍ഖര്‍ ആയിരുന്നു. കുട്ടപ്പായി ആവാന്‍ ദുല്‍ഖറിന് നന്നായിട്ട് പറ്റുമായിരുന്നു. ബോഡി ലാംഗ്വേജില്‍ നാടനും മോഡേണുമായി പെട്ടെന്ന് മാറാന്‍ ദുല്‍ഖറിന് പറ്റും. പിന്നെ അത്യാവശ്യം ഹ്യൂമറും ടഫ്‌നസ്സും ഒക്കെ പറ്റും. അതുകൊണ്ടാണ് ദുല്‍ഖറിനെ സമീപിച്ചത്. പക്ഷേ മമ്മൂക്ക അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ നിറം പറ്റിയുള്ള കഥാപാത്രങ്ങളോ രണ്ടാംഭാഗങ്ങളോ ഒന്നും ചെയ്യേണ്ടെന്ന് അദ്ദേഹത്തിന്റെ ബേസിക് ആയ ഒരു തീരുമാനമാണ്. അതിനാല്‍ നോ പറഞ്ഞു. 'കുട്ടപ്പാടി'യെ ഇനി ആര് അവതരിപ്പിക്കുമെന്നത് തീരുമാനിച്ചിട്ടില്ല.

 

'സ്വാമി' റെഡിയാണ്

ജോണി വാക്കറിലെ വില്ലന്‍ കഥാപാത്രം സ്വാമി വലിയ ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു. കമല്‍ ഗൗര്‍ എന്ന നടനാണ് സ്വാമിയെ അവിസ്മരണീയമാക്കിയത്. ജോണി വാക്കറിന്റെ രണ്ടാംഭാഗത്തിലും അദ്ദേഹം ഉണ്ടാവും. ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പുള്ളി തയ്യാറായി നില്‍ക്കുകയാണ്. ഒരുപക്ഷേ അടുത്ത് ചെയ്യുന്നത് ഈ സിനിമ ആയിരിക്കില്ല. എല്ലാ ഘടകങ്ങളും ശരിയായി വരുമ്പോള്‍ ചെയ്യണം.

click me!