മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ

Published : Dec 18, 2025, 09:32 PM IST
IFFK 2025

Synopsis

ലോകസിനിമയുടെ നവ്യാനുഭവങ്ങളും സൗഹൃദങ്ങളും ഓർമ്മകളും സമ്മാനിച്ച് അനന്തപുരിയിലെ സിനിമാ ഉത്സവത്തിന് നാളെ തിരശ്ശീല വീഴുന്നു. ഇനി അടുത്ത മേളയ്ക്കായി ഒരു വർഷത്തെ കാത്തിരിപ്പ്.

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അതിന്റെ അവസാന ദിവസത്തേക്ക് കടക്കുകയാണ്. വിജയകരമായ മറ്റൊരു ഐഎഫ്എഫ്കെ കാലം കൂടി കടന്നുപോവുകയാണ്. ഒരുപാട് ഓർമ്മകളും, സൗഹൃദങ്ങളും, ലോകസിനിമകൾ നൽകിയ നവ്യാനുഭവങ്ങളുമായി ഡെലിഗേറ്റുകൾ മടങ്ങിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി അനന്തപുരിക്ക് സിനിമയുടെ ഗന്ധമായിരുന്നു. ചായക്കടകളിലും ഹോട്ടലുകളിലും ബസ്‌സ്റ്റാൻഡിലും ഫൂട്ട്പാത്തിലും തുടങ്ങീ എല്ലായിടത്തും— കണ്ടു തീർന്നതും, ഇനി കാണാനുള്ളതും, വെയിലത്ത് രണ്ട് മണിക്കൂറിലേറെ വരി നിന്ന് കിട്ടാതെ പോയതുമായ സിനിമകളെ പറ്റിയുള്ള ചർച്ചകൾ. രണ്ട് ദിവസത്തിനുള്ളിൽ തലസ്ഥാന നഗരം വീണ്ടും അതിന്റെ പതിവ് ശീലങ്ങളിലേക്ക് മടങ്ങിപ്പോവും, ഇനി നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്.

സംഘാടനം കൊണ്ടും, പങ്കാളിത്തം കൊണ്ടും വലിയ വിജയമായ മേള കൂടിയാണ് കടന്നുപോകുന്നത്. വിവിധ ഭാഷകളിൽ നിന്നും, ദേശത്ത് നിന്നും, സംസ്കാരങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പേരാണ് സിനിമ കാണാനായി അനന്തപുരിയുടെ മണ്ണിലേക്കെത്തിയത്. ഉദ്ഘാടന ചിത്രമായ പലസ്തീൻ 36 നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ വൈകാരികമായാണ് പ്രേക്ഷകർ കണ്ടുതീർത്തത്. അധിനിവേശം മനുഷ്യന്റെ അതിജീവനത്തെയും തലമുറകളെയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് നിശാഗന്ധിയിൽ രാത്രിയുടെ അരണ്ടവെളിച്ചത്തിലിരുന്ന് പലരും തിരിച്ചറിഞ്ഞു. അധിനിവേശത്തിനോട് പൊരുതുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമായി സിനിമ കാണുന്നതിനെ അവർ വ്യാഖ്യാനിച്ചു.

ഇരുന്നൂറോളം ചിത്രങ്ങളാണ് മേളയിൽ ഇതുവരെ പ്രദർശിപ്പിച്ചത്. അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മലയാളത്തിൽ നിന്നും ഉണ്ണികൃഷ്ണൻ ആവളയുടെ തന്തപ്പേരും, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവും പ്രദർശനത്തിനെത്തിയപ്പോൾ മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിച്ചത്. ദി എലിസിയൻ ഫീൾഡും, ഷാഡോബോക്സുമാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. മികച്ച ചിത്രത്തിനുള്ള രജതചകോരം ഏത് ചിത്രമായിരിക്കും സ്വന്തമാക്കുക എന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.

അതേസമയം 12 സിനിമകളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. എല്ലാ ചിത്രങ്ങളുടെയും കേരള പ്രീമിയർ ആയിരുന്നു ഐഎഫ്എഫ്കെയിലേത് എന്നതും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. കൂടാതെ വിവാഹേതര ബന്ധങ്ങളുടെ കോൺഫ്ലിക്റ്റുകളും മനുഷ്യന്റെ ചിന്തകളെയും കുറിച്ചുള്ള ജിയോ ബേബിയുടെ പരീക്ഷണ ചിത്രം എബ്ബ്, ഷെറി ഗോവിന്ദന്റെ സമസ്താലോകാ, ആദിത്യാ ബേബിയുടെ അംബ്രോസിയ, കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നിപിൻ നാരായണൻ സംവിധാനം ചെയ്ത കാത്തിരിപ്പ്, റിനോഷന്റെ ശവപ്പെട്ടി, മിനി ഐ.ജിയുടെ ആദിസ്നേഹത്തിന്റെ വിരുന്നുമേശ, ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ് എന്നീ ഇരട്ട സംവിധായരുടെ ആദ്യ ചിത്രമായ ശേഷിപ്പ്, ശ്രീകുമാർ കെയുടെ അന്യരുടെ ആകാശങ്ങൾ, അരുൺ വർധന്റെ ഒരു അപസർപ്പക കഥ, നിരവധി പുരസ്കാരങ്ങൾ നേടിയ തടവ് എന്ന ചിത്രത്തിന് ശേഷം ഫാസിൽ റസാഖ് ഒരുക്കിയ മോഹം, വിഷ്ണു ബി. ബീനയുടെ ചാവു കല്യാണം തുടങ്ങീ ചിത്രങ്ങളും മികച്ച പരീക്ഷ പ്രശംസകൾ നേടിയിരുന്നു.

ലോകത്തിലെ വിഖ്യാതമായ ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ വിഭാഗമായ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് ആയിരുന്നു ഇത്തവണത്തെ ഡെലിഗേറ്റ്സിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭാഗം എന്ന വേണമെങ്കിൽ പറയാം. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ പാര്‍ക്ക് ചാന്‍ വൂക്കിന്റെ നോ അദര്‍ ചോയ്‌സ്, കെല്ലി റൈക്കാര്‍ട്ട് സംവിധാനം ചെയ്ത ദി മാസ്റ്റര്‍മൈന്‍ഡ്, സിമോന്‍ മെസ സോട്ടോ സംവിധാനം ചെയ്ത എ പോയറ്റ്, യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ബുഗോണിയ, 2025-ലെ കാന്‍ മേളയില്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, ഫിപ്രസി പുരസ്‌കാരം, ആര്‍ട്ട് ഹൗസ് സിനിമ അവാര്‍ഡ് എന്നിവ നേടിയ ദി സീക്രെട്ട് ഏജന്റ്

മേരി ബോണ്‍സ്‌റ്റൈന്‍ സംവിധാനം ചെയ്ത ഇഫ് ഐ ഹാഡ് ലെഗ്സ് ഐ'ഡ് കിക്ക് യു, വിഖ്യാത സംവിധായകൻ ജിം ജാർമുഷ് സംവിധാനം ചെയ്ത ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍, ഹസന്‍ ഹാദി സംവിധാനം ചെയ്ത ദി പ്രസിഡന്റ്‌സ് കേക്ക് എന്ന അറബി ചിത്രം, ഡാഗ് ജോഹന്‍ ഹൗഗെറുഡ് എഴുതി സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം ഡ്രീംസ് (സെക്‌സ്, ലവ്), ജാഫർ പനാഹി സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് ,ഒലിവര്‍ ലാക്‌സ് സംവിധാനം ചെയ്ത ചിത്രമാണ് സിറാത്, ലൂക്കും ജീന്‍-പിയര്‍ ഡാര്‍ഡെനും ചേര്‍ന്ന് സംവിധാനം ചെയ്ത യങ് മദേഴ്സ് തുടങ്ങീ മികച്ച ചിത്രങ്ങളാണ് മേളയുടെ ഭാഗമായത്. ഈ ചിത്രങ്ങൾക്കെല്ലാം നീണ്ട ക്യൂ തന്നെ എല്ലാ പ്രദർശനത്തിനും ഉണ്ടായിരുന്നു എന്നത് ചിത്രങ്ങളുടെ സ്വീകാര്യത കൂടി വെളിവാക്കുന്നതായിരുന്നു.

പലസ്തീൻ പാക്കേജിൽ ഉൾപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്ക് കേന്ദ്ര സർക്കാർ എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്തിനെ തുടർന്ന് പ്രദർശനാനുമതി ലഭ്യമാവാത്തത് അന്താരാഷ്‌ട്രതലത്തിലടക്കം ചർച്ച ചെയ്യപ്പെട്ടിരുന്നു. ബാറ്റിൽഷിപ്പ് പോട്ടംപ്കിൻ അടക്കമുള്ള ലോക ക്ലാസിക് ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്ര സർക്കാരിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും സംസാകാരിക ഫാസിസത്തിലേക്കുള്ള കുറുക്കുവഴിയുമാണെന്ന് ഡെലിഗേറ്റുകൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രദർശന അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചിരുന്നു കൂടാതെ ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുത് എന്ന് അടൂർ ഗോപാലകൃഷ്ണനും ഇതിനെതിരെ വിമർശിച്ചു രംഗത്തുവന്നിരുന്നു. കേന്ദ്ര സർക്കാർ അനുമതി നൽകാത്ത മുഴുവൻ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വലിയ രീതിയിൽ അഭിനന്ദിക്കപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചില ചിത്രങ്ങൾക്ക് അനുമതി ലഭിച്ചതും ഡെലിഗേറ്റുകൾക്ക് ആശ്വാസമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഡെലിഗേറ്റുകളും ചലച്ചിത്ര പ്രവർത്തകരും ഒത്തുകൂടിയതും ഐക്യദാർഢ്യം അറിയിച്ചതും കേരള പൊതുസമൂഹത്തിന്റെ കൂടി പ്രതിഫലനമായിരുന്നു.

മലയാളിയെ ലോകസിനിമാ കാണിക്കാൻ പഠിപ്പിച്ചതിൽ ഐഎഫ്എഫ്കെയ്ക്കുള്ള പങ്ക് ചെറുതല്ല. പുത്തൻ സിനിമാഖ്യാനത്തിന്റെയും, ചലച്ചിത്ര ഭാഷയിലേക്കുമുള്ള പടിവാതിൽ കൂടിയായിരുന്നു ഐഎഫ്എഫ്കെ. ആദ്യ സിനിമയുമായി ഐഎഫ്എഫ്കെയിലെത്തി പിന്നീട് മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിരവധി സംവിധായകർ ഇന്നും മേളയുടെ ഭാഗമാണ്. എന്താണ് മലയാളിക്ക് ഐഎഫ്എഫ്കെ എന്നത് കൃത്യമായൊരു ഉത്തരമില്ലാത്ത ചോദ്യമാണ്. ചിലർക്ക് അത് സൗഹൃദങ്ങളുടെ ഒത്തൊരുമിക്കൽ ആവാം, ചിലർക്ക് യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാവാം, മറ്റ് ചിലർക്ക് പുതിയ സിനിമകൾ ചെയ്യാനുള്ള സർഗാത്മക ഊർജ്ജം നൽകിയേക്കാം. അങ്ങനെ പലർക്കും പലതാണ് ഐഎഫ്എഫ്കെ. മലയാളിയുടെ സിനിമാ സംസ്കാരത്തെ, ഭാവുകത്വ പരിണാമത്തെ രൂപപ്പെടുത്തുന്നതിൽ ഐഎഫ്എഫ്കെ വഹിച്ച പങ്ക് അനിഷേധ്യമാണ്. അത് വരും തലമുറകളെ ഇനിയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. സിനിമാമേളയ്ക്ക് അനന്തപുരിയിൽ കൊടിയിറങ്ങുന്നു, ഇനി അടുത്ത ഡിസംബർ തണുപ്പിന് വേണ്ടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ്!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും