പണം മുടക്കിയാണ് പാര്‍ട്ടി സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ രം​ഗത്തിറക്കിയിരിക്കുന്നതെന്ന് ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് അഞ്ജലി നായരുടെ പ്രതികരണം

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിരയില്‍ സെലിബ്രിറ്റികളുടെ വലിയ നിര പ്രത്യക്ഷപ്പെട്ട പാര്‍ട്ടി ട്വന്‍റി 20 ആണ്. എന്‍ഡിഎയുടെ ഭാഗമായ ട്വന്‍റി 20 യില്‍ മുന്‍ ബിഗ് ബോസ് താരങ്ങള്‍ മാത്രം മൂന്ന് പേര്‍ ഉള്‍പ്പെട്ടു. ബിഗ് ബോസ് സീസണ്‍ 5 വിജയി അഖില്‍ മാരാരുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവിന് പിന്നാലെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ബിഗ് ബോസ് മുന്‍ താരങ്ങളായ ലക്ഷ്മിപ്രിയ, വിണ നായര്‍ എന്നിവരെയും ട്വന്‍റി 20 സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ഒപ്പം ചലച്ചിത്ര താരമായ അഞ്ജലി നായരും സ്ഥാനാര്‍ഥിയായി. ഇത്രയും സെലിബ്രിറ്റികള്‍ ഒരുമിച്ച് മത്സര രംഗത്തേക്ക് എത്തിയതോടെ പണം നല്‍കി പ്രശസ്തരെ മത്സര രംഗത്തേക്ക് ഇറക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് തനിക്ക് നേരെ ഉയര്‍ന്ന ചോദ്യത്തിന് അഞ്ജലി നായരുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പണം മുടക്കിയാണ് പാര്‍ട്ടി സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ രം​ഗത്തിറക്കിയിരിക്കുന്നതെന്ന് ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് അഞ്ജലി നായരുടെ പ്രതികരണം ഇങ്ങനെ- “അത് ആരോപണങ്ങള്‍ ആണ് എന്ന് തന്നെയല്ലേ നിങ്ങളും പറയുന്നത്. അത് ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ. അതിലുള്ള ഒരു കാര്യം എന്താണെന്നത്, എന്തൊക്കെയാണ് സംഭവിച്ചിട്ടുള്ളതെന്ന് നാളെ അറിയുമല്ലോ. അത് ജനങ്ങള്‍ തന്നെ മനസിലാക്കി എടുക്കട്ടെ. ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ ഇരിക്കട്ടെ. അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനൊന്നും ഞാന്‍ ആളല്ല”, അഞ്ജലി നായര്‍ പറഞ്ഞു. ബി 4 ബ്ലേസ് മലയാളത്തോടായിരുന്നു അഞ്ജലി നായരുടെ പ്രതികരണം.

അഖില്‍ മാരാര്‍ തൃക്കാക്കരയിലും വീണ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലുമാണ് മത്സരിക്കുമെന്ന് ട്വന്‍റി 20 പ്രഖ്യാപിച്ചത്. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് വ്യക്തമായതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സ് മാറ്റി സ്ഥാപിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തില്‍ ട്വന്‍റി 20 യോ ലക്ഷ്മിപ്രിയയോ പ്രതികരിച്ചിട്ടില്ല.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News