30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും

Published : Dec 09, 2025, 12:34 PM IST
IFFK

Synopsis

സംവിധായകൻ ജയരാജിന്റെ ഒറ്റാൽ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയിൽ സുവർണ്ണചകോരം നേടിയ ശ്രദ്ധേയമായ 11 സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള സിനിമകളായ ഹൗ ഷിയാവോ-ഷിയയുടെ ഫ്ലവേഴ്സ് ഓഫ് ഷാങ്ഹായ്, നബീൽ ആയൂഷിന്റെ അലി സൗവ : പ്രിൻസ് ഓഫ് ദി സ്ട്രീറ്സ്, മഹാമത് സലെ ഹാറൂണിന്റെ എബൗന, ജോസ് മെൻഡീസിന്റെ ഡേയ്സ് ഓഫ് സാൻ്റിയാഗോ, സെമി കപ്ളാനോഗ്ളുവിന്റെ ഏഞ്ചൽസ് ഫാൾ, ലൂസിയ പവൻസോയുടെ XXY, എൻറിക് റിവേറോയുടെ പാർക്കി വിയ, അസ്ഗർ ഫർഹാദിയുടെ എബൌട്ട് എല്ലി, കാർലോസ് ഗവിരിയോയുടെ പോട്രെയ്റ്റ്‌ ഇൻ എ സീ ഓഫ് ലൈസ്, ഇമ്മാനുവൽ ക്വിൻഡോ പാലോയുടെ സ്റ്റാ.നീന, മജീദ് ബാർസെഗറുടെ പർവിസ്, ഡീഗോ ലെർമാന്റെ റെഫ്യൂജിയാഡോ, ജയരാജിന്റെ ഒറ്റാൽ, മുഹമ്മദ് ദിയാബിന്റെ ക്ലാഷ്, ആൻമേരി ജാസിറിന്റെ വാജിബ്, മേരി ക്രിസ്റ്റിൻ ക്വസ്റ്റർബർടിന്റെ ദി ഡാർക്ക് റൂം എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ചൈനീസ് സാഹിത്യ കൃതിയായ 'സിങ് സോങ് ഗേൾസ് ഓഫ് ഷാങ്ഹായി'യെ അതുല്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ദൃശ്യാവിഷ്കാരമാണ് ഹൗ ഷിയാവോ-ഷിയാൻ സംവിധാനം ചെയ്ത ഫ്ലവേഴ്സ് ഓഫ് ഷാങ്ഹായി. പഴയകാല ഷാങ്ഹായിലെ ചാരുതയും ക്രൂരതയും ചേർന്നൊരു ലോകത്തേക്ക് പ്രേക്ഷകരെ ഈ ചിത്രം കൊണ്ടുപോകുന്നു.

വിശ്വാസം, പാപബോധം, എന്നീ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഫിലിപ്പീൻ ഡ്രാമയാണ് സ്റ്റാ.നീന. പൗളിനോ എന്ന കഥാപാത്രം തന്റെ മരണപ്പെട്ടുപോയ മകളുടെ മൃതദേഹം പുറത്തെടുക്കുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

കാസബ്ലാങ്കയുടെ തെരുവുകളിൽ ജീവിക്കുന്ന മൂന്നു അനാഥ ബാലന്മാരുടെ കഥ പറയുന്ന മൊറോക്കന്‍ ക്രൈം ഡ്രാമയാണ് അലി സോവ:പ്രിൻസ് ഓഫ് ദി സ്ട്രീറ്റ്‌സ്. നബീൽ അയൂച് സംവിധാനം ചെയ്ത ചിത്രം മൊറോക്കോയിലെ തെരുവ് ജീവിതത്തിന്റെ കഠിനമായ യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളായി യഥാർത്ഥ തെരുവ് ബാലന്മാരെ തന്നെ അഭിനയിപ്പിച്ച ഈ ചിത്രം, ഓസ്കറിലെ ബെസ്ററ് ഫോറിൻ ലാങ്ക്വേജ് ഫിലിം വിഭാഗത്തിൽ മൊറോക്കോയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെടുകയും, സ്റ്റോക്ഹോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബ്രോൺസ് ഹോഴ്സ് ഫോർ ബെസ്ററ് ഫിലിം അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

മഹമേത് സലേഹ് ഹെറോൺ സംവിധാനം ചെയ്ത എബൗന എന്ന ചാഡ്-ഫ്രഞ്ച് ഫിലിം, കാണാതായ തങ്ങളുടെ പിതാവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇറങ്ങിത്തിരിക്കുന്ന ചാഡിൽ താമസിക്കുന്ന ഒരു മുസ്ലിം കുടുംബത്തിലെ സഹോദരന്മാരുടെ കഥയാണ്. .

റഷ്യൻ എഴുത്തുകാരൻ ആന്റൺ ചെക്കോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒറ്റാൽ. കേരളത്തിൽ നിന്നുള്ള കുട്ടപ്പായി എന്ന ബാലവേലക്കാരന്റെ മുത്തച്ഛനോടും പ്രകൃതിയോടുമുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥയാണ് 'ഒറ്റാൽ' പറയുന്നത്. കേരള അന്താരാഷ്ട്ര ചലചിത്രമേളയിൽ സുവർണ ചകോരം തുടങ്ങിയ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ ആദ്യമായി നേടുന്ന മലയാള ചിത്രമാണ് ഇത്.

ഇറ്റലിയിൽ നിന്ന് നസ്രേത്തിലേക്ക് സഹോദരിയുടെ വിവാഹ ഒരുക്കങ്ങളിൽ സഹായിക്കാൻ മടങ്ങിവരുന്ന ഷാദി എന്ന യുവാവിന്റെ കഥ പറയുന്ന പലസ്തീൻ ചിത്രമാണ് വാജിബ് (2017). അച്ഛനും മകനും തമ്മിലുള്ള പിരിമുറുക്കങ്ങളും സങ്കീർണമായ ബന്ധവും ഈ ചിത്രം അനാവരണം ചെയ്യുന്നു. നസ്രേത്തിലെ ക്രിസ്മസ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2017 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ "വാജിബ്" പ്രദർശിപ്പിച്ചു. 90-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പലസ്തീനിന്റെ എൻട്രിയായിരുന്നു ചിത്രം.

തന്റെ പ്രണയം പിന്തുടരാൻ സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഒരു യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ദി ഡാർക്ക് റൂം (2000). പതിനാലാം നൂറ്റാണ്ടിലെ ഫ്രാൻസിൽ നടക്കുന്ന സംഭവങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നത്. നിരവധി നിരൂപക പ്രശംസ നേടിയ ചിത്രം, കാൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം, വെനീസ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടി.

2016-ൽ സാഗ്രെബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ക്ലാഷ്, ഈജിപ്തിലെ ജനങ്ങളുടെ മാനസിക സംഘർഷങ്ങളും സാമൂഹിക അസ്വസ്ഥതകളും പകർത്തിവെക്കുന്നു. വിപ്ലവാനന്തര കെയ്‌റോയിൽ വെച്ച് വിവിധ സാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നതും ഒരു പോലീസ് വാഹനത്തിൽ അവർ ഒരുമിച്ചിരുന്ന് രാജ്യത്തെ പ്രക്ഷുബ്ധതയെ കുറിച്ച് സംസാരിക്കുന്നതുമാണ് കഥാതന്തു.

പിതാവിന്റെ പുനർവിവാഹം മൂലം കുടുംബവീട് ഉപേക്ഷിക്കേണ്ടിവന്നതിനെ തുടർന്ന് തന്റെ ഏകാന്ത ജീവിതത്തെ നേരിടാൻ കഷ്ട്ടപ്പെടുന്ന അമ്പത് വയസ്സുകാരന്റെ ഹൃദയസ്പർശിയായ കഥയാണ് പർവിസ്. ചിത്രം ഏഷ്യാറ്റിക്ക ഫിലിം മീഡിയലിൽ (2012) നെറ്റ്പാക് അവാർഡ് നേടി.

ഡേയ്‌സ് ഓഫ് സാന്റിയാഗോ എന്ന ചിത്രം മാനസികക്ഷതം ഏകാന്തത, കുടുംബ സംഘർഷങ്ങൾ എന്നിവ അനുഭവിക്കുകയും, താൻ സംരക്ഷിക്കാൻ പോരാടിയ ലോകത്തിൽ തനിക്കിനിയൊരു സ്ഥാനമില്ലെന്നും കണ്ടെത്തുകയും എന്നാൽ സാധാരണ ജീവിതത്തോട് പൊരുത്തപ്പെടാൻ വളരെയേറെ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു പെറൂവിയൻ വിമുക്ത സൈനികനായ സാന്റിയാഗോയുടെ കഥ പറയുന്നു.

എബൗട്ട് എല്ലി (2009) എന്ന ഇറാനിയൻ ചിത്രം എല്ലി എന്ന യുവതിയുടെ ദുരൂഹമായ കാണാതാകലിനെ തുടർന്ന് തങ്ങളുടെ അവധിക്കാലം അവതാളത്തിലാകുന്ന കൂട്ടരുടെ കഥയാണിത്. ഈ ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബെയർ, ട്രൈബേക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച നറേറ്റീവ് ഫീച്ചർ എന്നിവയുൾപ്പെടെ പ്രധാന അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടി.

മെക്സിക്കൻ ചിത്രം പാർക്കി വിയ (2008) കഥാനായകന് അയല്പക്കക്കാരിയിൽ ഉടലെടുക്കുന്ന വികാരങ്ങളെയും, അവന്റെ വേരുകളിലേക്കു മടങ്ങുമ്പോഴുള്ള അനുഭവങ്ങളേയും പ്രമേയമാക്കുന്നു. പാർഖ് വയ നേടിയ പ്രധാന പുരസ്‌കാരങ്ങളിൽ ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലഭിച്ച ഗോൾഡൻ ലെയപാർഡും ഫിപ്രെസ്‌കി ഇന്റർനാഷനൽ ക്രിട്ടിക്സ് പ്രൈസും ഉൾപ്പെടുന്നു.

പോർട്രെറ്റ്സ് ഇൻ എ സീ ഓഫ് ലൈസ് (2010) എന്ന കൊളംബിയൻ ചിത്രം അമ്നീഷ്യ ബാധിച്ച ഒരു സ്ത്രീ സഹോദരനോടൊപ്പം ചേർന്ന് അവരിൽ നിന്ന് കവർന്നെടുത്ത കുടുംബഭൂമി വീണ്ടെടുക്കാൻ നടത്തുന്ന യാത്രയാണ് പ്രമേയമാക്കുന്നത്. ആ യാത്രയിൽ അവർ തങ്ങളുടെ കുടുംബത്തെ നശിപ്പിച്ച കൂട്ടക്കൊലയുടെ ഭയാനകമായ ഓർമ്മകളെയും പല അപ്രതീക്ഷിത സത്യങ്ങളെയും നേരിടുന്നതാണ് കഥാതന്തു.

അലക്സ് എന്ന 15 വയസുള്ള കുട്ടിയുടെ അതിസങ്കീർണ്ണമായ ജീവിതം അവതരിപ്പിക്കുന്ന സിനിമയാണ് XXY .60-ാമത് കാൻ ഫിലിം ഫെസ്റിവലിൽ ക്രിട്ടിക്സ് വീക്ക് ഗ്രാൻഡ് പ്രൈസും മികച്ച സ്പാനിഷ് ഭാഷ വിദേശ ചിത്രത്തിനുള്ള അവാർഡും ഈ ചിത്രം നേടി.

ഏയ്ജൽസ് ഫാൾ പോരാട്ടങ്ങളും മനുഷ്യന്റെ വികാരപരമായ മുഹൂർത്തങ്ങളും മനോഹരമായി ചിത്രികരിക്കുന്ന ഒരു ചിത്രമാണിത്. തന്റെ മുറിവുകളും വേദനകളും ചുമന്നുകൊണ്ട് ശ്വാസം മുട്ടിക്കഴിയുന്ന സെയ്നബിനെയും ഏകാന്തതയിൽ വഴിതെറ്റി സഞ്ചരിക്കുന്ന ടാക്സി ഡ്രൈവർ സെൽചുക്കിനെയും ചുറ്റിപറ്റി ആണ് കഥ മുന്നോട്ടു പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍