ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ

Published : Dec 10, 2025, 10:50 AM IST
The Chronology of Water

Synopsis

ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ പ്രധാന ആകര്‍ഷണം.

30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് വനിത സംവിധായകരുടെ ചിത്രങ്ങൾ. മനുഷ്യൻ്റെ ജീവിതാനുഭവങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഇവ സ്ത്രീ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണാനും അതിജീവനത്തിനായുള്ള പോരാട്ടം, സ്വത്വബോധം എന്നിവയിലേക്കും ക്യാമറ ചലിപ്പിക്കുന്നു.

പ്രശസ്ത നടി ക്രിസ്റ്റൺ സ്റ്റുവർട്ട് ആദ്യമായി സംവിധാനം ചെയ്ത ‘ദി ക്രോണോളജി ഓഫ് വാട്ടർ’ എഴുത്തിലൂടെയും നീന്തലിലൂടെയും തൻ്റെ സ്വത്വം കണ്ടെത്താൻ ശ്രമിക്കുന്ന ലിഡിയ യുകാനവിച്ചിൻ്റെ ആത്മകഥ ആസ്പദമാക്കിയുള്ളതാണ്. പ്രണയം, നഷ്ടം, സ്വയം കണ്ടെത്തൽ എന്നിവ താണ്ടി വേദനകളെ കലയാക്കി പരിവർത്തനം ചെയ്യുന്ന സ്ത്രീയുടെ കഥനമാണ് ചിത്രം. 2025-ലെ കാൻസ് ചലച്ചിത്രമേളയുടെ ‘അൺ സെർട്ടെയ്ൻ റിഗാർഡ്’ വിഭാഗത്തിൽ ചിത്രം നിരൂപക പ്രശംസ നേടി.

ലൂയിസ് ഹെമോൻ്റെ ‘ദി ഗേൾ ഇൻ ദി സ്നോ’, 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആൽപ്‌സിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന ഒരു യുവ അധ്യാപികയുടെ കഥയിലൂടെ പാരമ്പര്യവും പുരോഗമന ചിന്തകളും തമ്മിലുള്ള സംഘർഷങ്ങൾ അവതരിപ്പിക്കുന്നു. ചിത്രം 2025-ലെ കാൻസ് ക്വിൻസൈൻ ഡെ സിനിമാസ്‌റ്റെസസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും പ്രിക്സ് ജീൻ വിഗോ പുരസ്‌കാരം നേടുകയും ചെയ്തു.

സിറിയൻ സംവിധായിക ഗയ ജിജിയുടെ ‘പീസസ് ഓഫ് എ ഫോറിൻ ലൈഫ്’ യുദ്ധത്തിൽ തകർന്ന സിറിയയിൽ നിന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്യുന്ന സൽമയുടെ അതിജീവനത്തിൻ്റെ കഥയാണ്. കുടിയേറ്റം, മാതൃത്വത്തിലെ ഒറ്റപ്പെടൽ, നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മോസ്ട്ര ഡെ വലൻസിയ ചലച്ചിത്രമേളയിൽ സിൽവർ പാം പുരസ്‌കാരവും മികച്ച നടിക്കുള്ള അവാർഡും ചിത്രം നേടി.

തായ്‌വാൻ നടി ഷു ക്വിയുടെ അരങ്ങേറ്റ ചിത്രമായ ‘ഗേൾ’, 1980-കളിലെ തായ്‌വാൻ പശ്ചാത്തലമാക്കി, ഗാർഹിക പീഡനങ്ങളുടെയും കൗമാരത്തിലെ ആന്തരിക സംഘർഷങ്ങളുടെയും നടുവിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ഹൃദയസ്‍പർശിയായ കഥ പറയുന്നു. 30-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ള ബുസാൻ അവാർഡ് ചിത്രം നേടി.

പോളിൻ ലോക്വിസിൻ്റെ ‘നിനോ’ എന്ന ഫ്രഞ്ച് ചിത്രം 29-ാം പിറന്നാളിന് തൊട്ടുമുമ്പ് കാൻസർ രോഗം സ്ഥിരീകരിക്കുന്ന നിനോ എന്ന യുവാവിൻ്റെ കഥയാണ്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഇടയിലുള്ള മൂന്ന് ദിവസങ്ങൾ, ജീവിതം, മരണം, സൗഹൃദം എന്നിങ്ങനെ വിവിധ പ്രമേയങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു. 41-ാമത് വാർസോ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്
ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം