
സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതികരണവുമായി നടി മോക്ഷ. “ധുരന്ധര്‍ 3 ല്‍ നമ്മള്‍ എല്ലാവരും പാകിസ്ഥാന്‍ ഏജന്‍റുമാര്‍ ആയിരിക്കും. അതിനായി കാത്തിരിക്കുക. ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍, ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍റെ കാഴ്ചപ്പാടിലൂടെ അത് എത്തുന്നതിനായി”, മോക്ഷ ഫേസ്ബുക്കില്‍ കുറിച്ചു. ദില്ലിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ പങ്കുവച്ച് മോക്ഷ നേരത്തെ രംഗത്തെത്തിയിരുന്നു. തന്‍റെ നാടായ ബംഗാളില്‍ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചതിന്‍റെ പേരില്‍ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ തന്നെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചും മോക്ഷ വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഈ പോസ്റ്റ്.
ജന്തര്‍ മന്തറിലെ സമരത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് തന്നോട് പലരും ചോദിച്ചെന്ന് പറഞ്ഞ മോക്ഷ അതിനുള്ള മറുപടിയും പറഞ്ഞിരുന്നു. “ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരായ, എന്നാല്‍ അതില്‍ ദാരുണമായി പരാജയപ്പെട്ട ഈ വ്യവസ്ഥിതിക്കെതിരെയുള്ള ഒരു കൂട്ടായ പ്രതിഷേധമാണിത്. ഞാന്‍ പ്രതിഷേധത്തിനൊപ്പമാണ്. ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണം. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. ഇതിന് പകരമായി മറ്റൊരു വഴിയുമില്ല. ഇപ്പോഴും അവര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ്. നമ്മെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. എന്നെ ഒരു നക്‌സലൈറ്റായി അവര്‍ മുദ്രകുത്തിയിട്ടുണ്ട്. എനിക്കത് കേട്ടിട്ട് ചിരിയാണ് വരുന്നത്”, മോക്ഷയുടെ വാക്കുകള്‍.
“എനിക്ക് കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയിലേക്ക് കണക്റ്റിംഗ് ഫ്ളൈറ്റ് ഉണ്ടായിരുന്നു. ജന്തര്‍ മന്തറിലേക്ക് പോകേണ്ടതായിരുന്നു. എന്റെ കയ്യില്‍ ഒരുപാട് ലഗേജുകള്‍ ഉണ്ടായിരുന്നു. എനിക്ക് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഒറ്റയ്ക്കായിരുന്നതുകൊണ്ട് സുരക്ഷിതത്വം തോന്നിയില്ല, അതുകൊണ്ട് പോകാന്‍ പറ്റിയില്ല. എന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല, എനിക്ക് എന്റെ ജോലി ഉത്തരവാദിത്തങ്ങള്‍ ഉണ്ട്, 20-ാം തീയതിക്കുള്ളില്‍ എനിക്ക് ഇവിടെ എത്തണമായിരുന്നു, കാരണം അതിനുമുമ്പേ ഷൂട്ടിംഗ് കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ എന്റെ ടീമിനോടും ക്‌ളയന്റുകളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്”, മോക്ഷ പറഞ്ഞിരുന്നു. ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്നുള്ള ആഗ്രഹവും മോക്ഷ പങ്കുവച്ചിരുന്നു. കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളെജ് ഹോസ്പിറ്റലില്‍ ഒരു ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ നടന്ന പ്രതിഷേധത്തില്‍ സജീവ പങ്കാളിത്തം വഹിച്ചതിന് താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മോക്ഷ നേരത്തെ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ