
ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം 'ഞാൻ കണ്ടതാ സാറേ' അടുത്തിടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നവാഗതനായ വരുൺ ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നർമ്മത്തിൽ പറയുന്ന ഒരു ത്രില്ലർ ചിത്രമായ ഞാൻ 'കണ്ടതാ സാറേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.
ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോൻ, അലൻസിയർ, എന്നിവരും 'ഞാൻ കണ്ടതാ സാറേ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു. സാബുമോൻ, അർജുൻ നന്ദകുമാർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്‍ണ, ബിജു പപ്പൻ, ബാലാജി ശർമ്മ, മല്ലിക സുകുമാരൻ, അഞ്ജന അപ്പുക്കുട്ടൻ, എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ രചന അരുൺ കരിമുട്ടാണ്.
ഹൈലൈൻ പിക്‌ചേഴ്‌സിന്റെയും ലെമൺ പ്രൊഡക്ഷൻസിന്റേയും ബാനറിൽ പ്രകാശ് ഹൈലയിനും പ്രശസ്‍ത സംവിധായകൻ ദീപു കരുണാകരനും ചേർന്ന് ആണ് ചിത്രം നിമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ ബാബു ആർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ അബ്‍ദുൾ അസീസ്. തിരുവനന്തപുരം പരിസര പ്രദേശങ്ങളിലുമായി 'ഞാൻ കണ്ടതാ സാറേ'യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ഞാൻ കണ്ടതാ സാറേ'യുടെ മാർക്കറ്റിംഗ് ഒബ്‍സ്ക്യൂറ എന്റർടൈൻമെന്റും പിആര്‍ഒ വാഴൂര്‍ ജോസും ആണ്.
'തുറമുഖം' എന്ന ചിത്രമാണ് ഇന്ദ്രജിത്ത് അഭിനയിച്ചതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകൻ. രാജീവ് രവിയാണ് സംവിധാനം ചെയ്‍തത്. അര്‍ജുൻ അശോകൻ, ജോജു ജോര്‍ജ്, ദര്‍ശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരും 'തുറമുഖ'ത്തില്‍ വേഷമിട്ടിരുന്നു. സുകുമാര്‍ തെക്കേപ്പാടാണ് ചിത്രം നിര്‍മിച്ചത്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം. മാര്‍ച്ച് 10നായിരുന്നു ചിത്രത്തിന്റെ റിലീസ്.