സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍; സിനിമാ സംഘടനകളുടെ യോഗം ഇന്ന്

By Web TeamFirst Published Jun 27, 2022, 8:52 AM IST
Highlights

കഴിഞ്ഞ മാർച്ചിലാണ് സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ (Internal Complaints Committee) മാർഗരേഖ തയ്യാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ. ഫിലിം ചേംമ്പറിന്‍റെ അദ്ധ്യക്ഷതയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'അമ്മ', ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിനെത്തും. 

ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ 'അമ്മ' സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചാകും സെൽ രൂപീകരിക്കാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക.

 

വിജയ്ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ പൊലീസ്, തെളിവെടുപ്പിനും സാധ്യത

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും നടപടികൾ. ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും. 

ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും, നാടകങ്ങൾക്കും ഒടുവിൽ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്ത് കടന്ന ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പൊലീസിന് കൈമാറാനും നിർ‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

click me!