
ഐപിഎല്‍ താരലേലത്തില്‍ (IPL Auction) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ (Shahrukh Khan) പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ ഖാനും (Aryan Khan) സുഹാന ഖാനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് താരലേല ചര്‍ച്ചകള്‍ക്കിടയിലെ ആര്യന്‍റെയും സുഹാനയുടെയും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. "ഐപിഎല്‍ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്സ്, സിഇഒയില്‍ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്", എന്നാണ് ചിത്രങ്ങള്‍ക്ക് കെകെആര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന കുറിപ്പ്.
ടീം സിഇഒ വെങ്കി മൈസൂറിനും ജൂഹി ചൗളയുടെ മകള്‍ ഝാന്‍വി മെഹ്‍തയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയിലാണ് ആര്യനും സുഹാനയും. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ പ്രീ ഓക്ഷന്‍ ഇവന്‍റിലും ഇവര്‍ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷന്‍ ഇവന്‍റിന്‍റെ ചിത്രങ്ങളിലെ ആര്യന്‍റെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.
സുഹാനയുടെ ആദ്യ ഐപിഎല്‍ താരലേലമാണ് ഇത്. എന്നാല്‍ ആര്യന്‍ കഴിഞ്ഞ വര്‍ഷവും പിതാവിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകള്‍. 12.25 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ജാമ്യത്തിലാണ് നിലവില്‍ ആര്യന്‍ ഖാന്‍.