'നിപ്പയുടെ സമയത്ത് കോഴിക്കോടുണ്ടായിരുന്നു'; 'വെെറസ്' ടീമിന് ആശംസയുമായി ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published May 2, 2019, 10:58 PM IST
Highlights

നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നായാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു

കേരളം ഇന്നും നിപ്പ പരത്തിയ ഭീതിയില്‍ നിന്ന് പൂര്‍ണമായി മുക്തമായിട്ടില്ല. സര്‍ക്കാരിനൊപ്പം ഒത്തുച്ചേര്‍ന്ന് നിപ്പയെ നേരിട്ട കേരള ജനത ലോകത്തിന് മുന്നില്‍ വരെ മാതൃകയായി മാറി. സിസ്റ്റര്‍ ലിനിയെ പോലെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ് മലയാളികള്‍ക്ക് നിപ്പ സമ്മാനിച്ചത്.

ഇപ്പോള്‍ ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ നിപ്പ പശ്ചാത്തലമാക്കി വെെറസ് എന്ന സിനിമ വരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഏവരും അതിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്ത് വന്നതിന് പിന്നാലെ ആ പ്രതീക്ഷകളുടെ ഭാരവും വര്‍ധിച്ചിട്ടുണ്ട്.

മികച്ച അഭിപ്രായങ്ങള്‍ ട്രെയ്‍ലറിന് ലഭിക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് ഒരാളുടെ ആശംസ ഏറെ പ്രിയങ്കരമായി മാറുകയാണ്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് വെെറസ് ടീമിന് ആശംസയുമായെത്തിയത്. നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നായാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു. സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന വെെറസ് ടീമിന് ആശംസയും പത്താന്‍ നേര്‍ന്നു. ആഷിഖ് അബു, റിമ കല്ലിംഗല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ ടാഗ് ചെയ്താണ് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ് വെെറസില്‍ അണി നിരക്കുന്നത്.

ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.രാജീവ് രവിയാണ് 'വൈറസി'ന്‍റെ ഛായാഗ്രാഹണം.  മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. 

I was there in Calicut when the nipah virus outbreak happened and it was scary. Kudos to the makers of this movie to tell the story of those selfless souls! https://t.co/iELCq8f6Tb.

— Irfan Pathan (@IrfanPathan)
click me!