അമ്മ മരിച്ചിട്ട് നാല് ദിവസം; ഒരു നോക്ക് കാണാനാകാതെ യാത്രയായി ഇര്‍ഫാന്‍ ഖാന്‍

By Web TeamFirst Published Apr 29, 2020, 4:10 PM IST
Highlights

അമ്മയുടെ വിയോഗം താങ്ങാനാകാതിരുന്ന അദ്ദേഹം മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശുപത്രിയിലായി...

മുംബൈ: രണ്ട് വര്‍ഷമായി തുടരുന്ന അപൂര്‍വ്വ രോഗത്തിന്‍റെ ചികിത്സകളെല്ലാം വിഫലമാക്കി നടന്‍ ഇര്‍ഫാന്‍ ഖാന്‍ ലോകത്തോട് വിടപറഞ്ഞത് ഒടുവിലായി അമ്മയെ ഒന്ന് കാണാനാകാതെയാണ്. ഏപ്രില്‍ 25നാണ് ജയ്പൂരില്‍ വച്ച് ഇര്‍ഫാന്‍ ഖാന്‍റെ അമ്മ സയ്യിദ ബീഗം മരിച്ചത്. 95 വയസ്സുള്ള സയ്യിദ ബീഗത്തെ കാണാന്‍ ഇര്‍ഫാന് പോകാനായിരുന്നില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയതിനാല്‍ ജയ്പൂരിലുള്ള അമ്മയ്ക്കായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം അന്ത്യോപചാരമരപ്പിച്ചത്. 

അമ്മയുടെ വിയോഗം താങ്ങാനാകാതിരുന്ന അദ്ദേഹം മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശുപത്രിയിലായി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 

'ഭായിടെ ആരോഗ്യത്തെക്കുറിച്ചാണ് അമ്മ അവസാനമായി ചോദിച്ചത്' എന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍റെ സഹോദരന്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ജയ്പൂരില്‍ ഇര്‍ഫാനെ കാണാതെയാണ് ആ മ്മ വിടപറഞ്ഞതെങ്കില്‍ അവസാനമായി അമ്മയെ കാണാനാകാത്ത വേദന ഉള്ളിലൊതുക്കിയാണ് ഈ മകന്‍റെയും വിയോഗം.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന ക്യാന്‍സര്‍ രോഗം ബാധിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ മരിച്ചത്. കണ്ടെത്താന്‍ ഏറ്റവും വിഷമമുള്ള ക്യാന്‍സറാണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍. ആന്തരീകാവയവങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കില്ല. തൊലിപ്പുറത്തെ തടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റവുമാണ് രോഗത്തിന്‍റെ പ്രകടമായ പ്രധാന ലക്ഷങ്ങള്‍.  കാര്യമായ ലക്ഷണങ്ങളില്ലാത്തത് കൊണ്ടുതന്നെ രോഗം കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്.

വളരെ പതിയെ മാത്രം വളര്‍ന്ന്  ശരീരമാകെ പടരാന്‍ സാധ്യതയുള്ള ഒരിനം ട്യൂമറാണിത്. രോഗത്തിന്റെ ഘട്ടം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിവരും. മറ്റ് ചിലര്‍ക്ക് റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ആവശ്യമായി വരും. 

click me!