ദിലീപിന്റെ സിനിമകൾ വിജയിപ്പിക്കില്ലെന്ന് താൻ പറഞ്ഞതായുള്ള ഓൺലൈൻ പ്രചാരണം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നിഷേധിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മീഡിയയ്ക്ക് എതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ എട്ട് വർഷത്തിലേറേയായി മലയാള സിനിമയെ പിടിച്ചുലച്ച സംഭവമാണ് നടി ആക്രമിക്കപ്പെട്ടത്. ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൾസർ സുനി ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും നടൻ ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കോടതി വിധിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇതിനിടയിൽ ദിലീപിന്റെ സിനിമകൾ വിജയിക്കാൻ സമ്മതിക്കില്ലെന്ന തരത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞുവെന്ന പ്രചാരണങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഓൺലൈൻ മാഡിയയ്ക്ക് എതിരെ പരാതിയും നൽകിയിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ
ഒരു ഓൺലൈൻ മീഡിയ 'ദിലീപിന്റെ ഒറ്റ പടം പോലും വിജയിക്കില്ല..വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് ഭാഗ്യളക്ഷ്മി'എന്ന് വാർത്ത കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ ഇട്ടിട്ടില്ല. അങ്ങനെ ഒരു പോസ്റ്റിടാൻ മാത്രം ഞാൻ മണ്ടിയൊന്നും അല്ല. ഞാനും സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്. സിനിമ എന്നത് ഒരാളുടെ മാത്രം സ്വകാര്യ സ്വത്തല്ല. അതിലൊരു നൂറിലധികം ആളുകൾ ജോലി ചെയ്തിട്ടുള്ള മേഖലയാണ്. ആ സിനിമ ഫ്ലോപ്പ് ആവണമെന്ന് ഞാൻ ഒരിക്കലും പറയില്ല. എനിക്ക് ആ സിനിമ കാണാൻ താല്പര്യം ഇല്ല. അതുകൊണ്ട് ഞാൻ കാണില്ല. എന്റെ കാര്യം ഞാൻ തീരുമാനിക്കും. എന്റെ കാര്യം നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ പറ്റും. നിങ്ങൾ ആ സിനിമ കാണുകയോ കാണാതിരിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ. എന്തിനാണ് റീച്ച് കിട്ടാൻ വേണ്ടി എന്റെ ഫോട്ടോ വച്ച്, എന്റെ വാചകമായി ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് എന്തെങ്കിലും പൊതുജനത്തോട് സംസാരിക്കാനുണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള എല്ലാ ധൈര്യവും ഉണ്ട്. എന്റെ പടം വച്ചിട്ട് ഒന്നുകിൽ നാട്ടുകാരെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ അല്ലെങ്കിൽ റീച്ച് കൂട്ടാൻ. അങ്ങനെ ഇപ്പോൾ എന്റെ പേരും വച്ച് പിആർ വർക്ക് നടത്തണ്ട. എന്റെ പേര് വച്ചിട്ടുള്ള പോസ്റ്റ് മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ നിയമപരമായ നടപടി എടുക്കും.
ഈ മാസം എട്ടിന് ആയിരുന്നു ദിലീപ് പ്രതിയായിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നത്. തെളിവുകളുടെ അഭാവത്തിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും ഒപ്പം ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പടെ ഉള്ള മറ്റ് ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടത്തുകയും ചെയ്തിരുന്നു. കേസില്‍ ഇന്ന് വിധി പറയും.



