
മലയാള സിനിമാപ്രേമികള്‍ ഏറെക്കാലമായി കേള്‍ക്കുന്ന ഒരു ടൈറ്റില്‍ ആണ് വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്റെ ശ്രദ്ധേയ നോവലിനെ ആസ്പദമാക്കി അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം. സച്ചിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരുടെ സംവിധാനത്തിലാണ് വിലായത്ത് ബുദ്ധ നവംബര്‍ 21 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ഇന്നലെ കൊച്ചിയില്‍ നടന്ന ട്രെയ്‍ലര്‍ ലോഞ്ചില്‍ സിനിമാപ്രേമികളുടെ മനസില്‍ ഉണ്ടായിരുന്ന ഒരു സംശയത്തിന് പൃഥ്വി മറുപടി പറഞ്ഞു. പാന്‍ ഇന്ത്യന്‍ തരംഗം തീര്‍ത്ത തെലുങ്ക് ചിത്രം പുഷ്പയിലെ അല്ലു അര്‍ജുന്‍റെ നായക കഥാപാത്രവുമായി വിലായത്ത് ബുദ്ധയില്‍ താന്‍ അവതരിപ്പിക്കുന്ന ഡബിള്‍ മോഹനുള്ള സാമ്യത്തെക്കുറിച്ചായിരുന്നു അത്.
ചിത്രത്തിന്‍റെ ടീസറില്‍ പുഷ്പ റെഫറന്‍സ് ഉണ്ടായിരുന്നു. ഡബിള്‍ മോഹനെ പുഷ്പ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ, പുഷ്പയുമായി സാമ്യം ഉണ്ടാവാതിരിക്കാന്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ എന്നായിരുന്നു ട്രെയ്ലര്‍ ലോഞ്ചില്‍ പൃഥ്വിരാജ് നേരിട്ട ഒരു ചോദ്യം. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ- സച്ചി ഈ സിനിമയെക്കുറിച്ച് എന്നോട് ആദ്യം പറയുമ്പോള്‍ പുഷ്പ ആദ്യ ഭാഗം പോലും റിലീസ് ചെയ്തിട്ടില്ല. അന്ന് ഇതുപോലെ ഒരു ചന്ദന കള്ളക്കടത്തുകാരന്‍റെ സിനിമ തെലുങ്കില്‍ നിന്ന് സംഭവിക്കുന്നുണ്ടെന്നും അതിങ്ങനെ രാജ്യം മുഴുവന്‍ ഒരു പ്രതിഭാസമായി മാറുമെന്നുമൊന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. നിര്‍ഭാഗ്യവശാല്‍ വിലായത്ത് ബുദ്ധ തീരുമ്പോഴേക്ക് പുഷ്പ രണ്ട് ഭാഗങ്ങളും റിലീസ് ആയി പുഷ്പ എന്ന കഥാപാത്രം ഇന്ത്യ മുഴുവന്‍ വലിയ ആവേശമായി മാറിക്കഴിഞ്ഞു. അക്കാര്യം ഞങ്ങള്‍ അംഗീകരിക്കുക മാത്രമാണ് (ടീസറില്‍) ചെയ്തത്.
വിലായത്ത് ബുദ്ധ എന്നൊരു പുസ്തകത്തെക്കുറിച്ച് അറിവില്ലാത്തവര്‍ ടീസറോ ട്രെയ്‍ലറോ കാണുമ്പോള്‍ ഇത് പുഷ്പ പോലെ ആണോ എന്ന് ചിന്തിക്കും. ഞങ്ങളും അതേക്കുറിച്ച് ബോധവാന്മാരാണ് എന്നത് അംഗീകരിക്കുക മാത്രമാണ് ടീസറിലെ ഡയലോഗ്. സത്യത്തില്‍ അത് പ്രൊമോയ്ക്ക് വേണ്ടി എടുത്ത ഒരു ഡയലോഗ് പോലെയാണ്. സിനിമയില്‍ ആ ഡയലോഗ് ഉണ്ടാവില്ല ചിലപ്പോള്‍. ഇത്തരത്തില്‍ ഒരു സിനിമാ ആവിഷ്കരണം ഉണ്ടെന്നും ചന്ദന കള്ളക്കടത്തിനെ കാല്‍പനികവത്കരിച്ച് അത്തരത്തിലൊരു നായക സങ്കല്‍പം സിനിമയില്‍ ഉണ്ടെന്നുമുള്ള കാര്യം ഞങ്ങളായിട്ട് അംഗീകരിച്ചു എന്ന് മാത്രമേ ഉള്ളൂ. കഥാപാത്രസൃഷ്ടിയിലും കഥയിലും കഥാപാത്രത്തിന്‍റെ സ്വഭാവത്തിലുമൊന്നും അങ്ങനെയൊരു സാമ്യം ഇല്ല. സാമ്യത ഒഴിവാക്കാന്‍ ഞാനായിട്ട് ശ്രമിക്കേണ്ട കാര്യമൊന്നും ഉണ്ടായിട്ടില്ല. കാരണം അതിന്‍റെ രചനയിലും ആശയത്തിലുമൊക്കെത്തന്നെ തികച്ചും വ്യത്യസ്തമാണെന്നാണ് ഞാന്‍ കരുതുന്നത്, പൃഥ്വിരാജ് വ്യക്തമാക്കി. അതേസമയം ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.