
കൊച്ചി: ഹാൽ സിനിമയുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സിനിമ സംവിധായകൻ റഫീഖ് വീര. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് കക്ഷികളായ ഞങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന് സംഭവിച്ച പിഴവ് ആണെന്നും സംവിധായകൻ റഫീക് വീര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതി വിധിയിൽ പുനഃപരിശോധന ഹര്‍ജി നൽകാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. സെൻസര്‍ ബോര്‍ഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് കക്ഷികള്‍ അറിയിച്ചതിനാൽ അക്കാര്യത്തിൽ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്. എന്നാൽ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് അറിയിച്ചത് അഭിഭാഷകന്‍റെ ഭാഗത്തുനിന്ന് വന്ന പിഴവാണ്. ധ്വജ പ്രണാമം എന്ന വാക്ക് സിനിമയിലെ നിര്‍ണായക വാക്കല്ല. സിനിമയുടെ വിഷയത്തെ ബാധിക്കുന്നതല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങള്‍ വ്യക്തമായി കോടതിയെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും സംവിധായകൻ റഫീക് വീര പറഞ്ഞു.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കിയും ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളടങ്ങുന്ന രംഗങ്ങളടക്കം റീ എഡിറ്റ് ചെയ്തും ഹാല്‍ സിനിമ വീണ്ടും സെന്‍സറിംഗിന് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ക്രൈസ്തവ ബിഷപ്പിന്‍റെ കഥാപാത്രത്തിലടക്കം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഭൂരിപക്ഷം രംഗങ്ങളും നിലനിര്‍ത്താമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സെന്‍സറിംഗിന് വീണ്ടും അപേക്ഷ കിട്ടിയാല്‍ രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. കോടതി ഉത്തരവിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങളുള്ളത്.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും ധ്വജ പ്രണാമം, സംഘം കാവലുണ്ട്, ആഭ്യന്തര ശത്രുക്കള്‍, ഗണപതിവട്ടം തുടങ്ങിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കമെന്നും കഥാപാത്രത്തിന്‍റെ കൈയില്‍ കെട്ടിയിരിക്കുന്ന രാഖി മറയ്ക്കണമെന്നുമാണ് ഹാല്‍ സിനിമയുടെ റീ എഡിറ്റിംഗിന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യങ്ങള്‍. സാംസ്കാരിക സംഘടനയെ താഴ്ത്തിക്കെട്ടുന്ന സംഭാഷണങ്ങളാണ് ഇതെല്ലാമെന്നു ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്. അണിയറ പ്രവര്‍ത്തകര്‍ തന്നെ ഈ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചതിനാല്‍ ഈ സീനിലെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, ക്രൈസ്തവ കഥാപാത്രം മുസ്ലിം വേഷമണിഞ്ഞു പ്രത്യക്ഷപ്പെടുന്നതും ക്രൈസ്തവ ബിഷപ്പിന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ഭൂരിപക്ഷം രംഗങ്ങളും സിനിമയില്‍ നിലനിര്‍ത്താമെന്ന് കോടതി വ്യക്തമാക്കി.
ഈ രംഗങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു. ഹാൽ സിനിമയിലെ 19 രംഗങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സെൻസർ ബോർഡിന്‍റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി സിനിമ കണ്ടശേഷമാണ് രണ്ട് രംഗങ്ങളിൽ മാറ്റം വരുത്താൻ നിർദേശിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഒക്ടോബറില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ സിനിമക്ക് ഒരു മാസത്തിന് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ട് നിര്‍ദേശിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആര്‍ എസ് എസ് പ്രാദേശിക ഭാരവാഹിയും കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധിയും കക്ഷി ചേര്‍ന്നിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ