മലയാളികള്‍ സമ്മതിച്ചെന്ന് വരില്ല, പക്ഷേ ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ട്: പാര്‍വതി

By Web TeamFirst Published Jan 18, 2020, 6:07 PM IST
Highlights

'ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.'
 

മലയാളികള്‍ പുറമേയ്ക്ക് സമ്മതിച്ചില്ലെങ്കിലും ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് നടി പാര്‍വതി. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളില്‍ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറെന്നും പാര്‍വതി പറഞ്ഞു. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.

സിദ്ധാര്‍ഥ ശിവയുടെ സംവിധാനത്തില്‍ പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതി തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ അനേകം മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും പാര്‍വതി പറയുന്നു. 'ഓ ദില്ലിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളു, അല്ലേ? കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ പ്രതികരിക്കില്ല.. ഇങ്ങനെയൊക്കെയാവും സന്ദേശങ്ങള്‍. കേരളം മറ്റെല്ലാത്തില്‍നിന്നും വേര്‍പെട്ട് നില്‍ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകള്‍', പാര്‍വതി പറയുന്നു.

രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാമെന്നും പാര്‍വതി പറയുന്നു. 'കേരളത്തില്‍ ഒരു പൊതുവിടത്തില്‍ ഇങ്ങനെ സംസാരിക്കുകയെങ്കിലും ചെയ്യാം.' മുന്‍പുണ്ടായിരുന്ന മൂടുപടങ്ങള്‍ മലയാളികള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളതെന്നും പാര്‍വതി പറയുന്നു. 'ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.' തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്ന് പറയുന്നു പാര്‍വതി. 'വിഷയങ്ങളോട് എന്റെ മനസ് സ്വാഭാവികമായി പ്രതികരിക്കുന്ന രീതി ഞാന്‍ കൗതുകപൂര്‍വം നിരീക്ഷിക്കാറുണ്ട്. ഒരു വിഭാഗത്തെക്കുറിച്ച് മോശമായി ഒരു പരാമര്‍ശം നടത്താന്‍ ഇടയായാല്‍ ഒരു ഞെട്ടലോടെയാണ് അക്കാര്യം ഞാന്‍ ഉള്‍ക്കൊള്ളുക', പാര്‍വതി പറഞ്ഞവസാനിപ്പിക്കുന്നു.

click me!