
തമിഴകത്ത് ഇപ്പോഴത്തെ പ്രധാന ചർച്ച വിജയ്‌ക്കെതിരെ ഭാര്യ സമർപ്പിച്ച വിവാഹമോചന കേസാണ്. കരിയറിലെ അവസാന സിനിമയെന്ന വിശേഷണവുമായി ജനനായകൻ റിലീസ് ചെയ്യാനിരിക്കുമ്പോഴായിരുന്നു ചിത്രത്തിൻറെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കൊണ്ടുതന്നെ ചിത്രത്തിൻറെ റിലീസ് നീണ്ടുപോവുകയാണ്. അതിനിടയിലാണ് താരത്തിനെതിരെ ഭാര്യ ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവി എന്താവുമെന്ന ആശങ്കയിലാണ് ആരാധകരും ടിവികെ പ്രവർത്തകരും. ഏപ്രിൽ 20 നാൻ ഹർജിയുമായി ബന്ധപ്പെട്ട് വിജയ്‌യോട് കോടതിയിൽ ഹാജരാവാൻ പറഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ വിജയ്‌യുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആലപ്പി അഷറഫ് നടത്തിയ പരാമർശങ്ങളാണ് ചർച്ചയാവുന്നത്. സ്വന്തം പാർട്ടിയുടെ രൂപീകരണവേളയിൽ പോലും തന്റെ ഭാര്യയെയും മക്കളെയും വിജയ് പങ്കെടുപ്പിച്ചില്ലെന്നും ഭാര്യയുടെ അസാന്നിധ്യം കുറെ കാലമായി ചർച്ചയായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടികാണിക്കുന്നു. മക്കളോട് വിജയ് സംസാരിച്ചിട്ട് പോലും വർഷങ്ങളായെന്നും പറയുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നതെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
"സ്വന്തം പാർട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷവേളകളിലോ പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനങ്ങളിലോ തന്റെ ഭാര്യയേയും മക്കളേയും നടൻ ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ഭാര്യയുടെ അസാന്നിധ്യം കുറേ നാളുകളായി ചർച്ച വിഷയമായിരുന്നു. സംഗീത നൽകിയ വിവാഹമോചന ഹർജിയുടെ പതിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്.2021 മുതൽ താനും വിജയിയും ശാരീരികമായും മാനസീകമായും അകന്ന് കഴിയുകയാണെന്ന് സംഗീത അതിൽ പറയുന്നു. അതിന് കാരണം നടിയുമായി വിജയിക്കുള്ള ബന്ധമാണെന്നും പറയുന്നുണ്ട്. നടിയുമൊത്തുള്ള വിജയിയുടെ വിദേശയാത്രയെ കുറിച്ചും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നടി ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. കീർത്തി സുരേഷിന്റെ വിവാഹത്തിന് പോലും തൃഷയ്ക്കൊപ്പമാണ് വിജയ് എത്തിയത്." ആലപ്പി അഷ്‌റഫ് പറയുന്നു.
"കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ബിജെപി നേതാവ് നടനെ കുറിച്ച് പറഞ്ഞത്... ആദ്യം തൃഷയുടെ പിടിയിൽ നിന്നും പുറത്ത് വാ എന്നിട്ടാകാം ജനസേവനം എന്നാണ്. ഈ വാർത്തയും അന്ന് തമിഴ്നാട്ടിൽ വിവാദമായിരുന്നു. തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും അരങ്ങേറുന്നുണ്ട്. കുടുംബം തകർത്തവൾ എന്ന ആക്ഷേപം തൃഷയ്ക്ക് നേരെ ഉയർത്തി സേവ് ആന്റ് സപ്പോർട്ട് സംഗീത എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. അമ്മമാരും കുട്ടികളും അടക്കം വലിയൊരു ആരാധകവൃദ്ധമുള്ള നടനാണ് വിജയ്. അതിനെല്ലാം മങ്ങലേൽപ്പിക്കുന്ന തരത്തിലേക്ക് സംഗീതയുടെ വിവാഹമോചന ഹർജി മാറി. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയും പരുങ്ങലിലാണ്. വിവാഹമോചന ഹർജിയിൽ പതിനാറോളം കാര്യങ്ങളാണ് വിജയ്ക്കെതിരെ സംഗീത നിരത്തിയിരിക്കുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് തന്നിലേക്ക് ഭർത്താവ് മടങ്ങി വരുമെന്ന് കരുതി സംഗീത കാത്തിരുന്നത് അഞ്ച് വർഷക്കാലമാണ്." ആലപ്പി അഷ്‌റഫ് പറയുന്നു.
"എന്നാൽ അതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സംഗീതയുടെ മേൽ കർശന നിയന്ത്രണങ്ങളും നടൻ ഏർപ്പെടുത്തി. വീട്ടിൽ നിന്നും പുറത്ത് പോകാൻ പാടില്ല, ആരുമായും സമ്പർക്കം പാടില്ല, സ്വാതന്ത്ര്യത്തോടെ പണം ചിലവഴിക്കാൻ പാടില്ല എന്നിവയായിരുന്നു നടൻ സംഗീതയുടെ മേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ. നടിയുമായുള്ള ബന്ധം കുട്ടികളുടെ മാനസികാരോഗ്യത്തെ വല്ലാതെ ബാധിച്ചുവെന്നും ഇക്കാരണത്താൽ അവർ പൊതു സമൂഹത്തിൽ നിന്നും അപമാനം നേരിടുകയാണെന്നും സംഗീത ഹർജിയിൽ പറയുന്നു. മക്കളോട് വിജയ് സംസാരിച്ചിട്ട് പോലും വർഷങ്ങളായി. പറയുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നത്. ഒരുപാട് മനുഷ്യത്വവും നന്മയുമുള്ള ആളാണ് വിജയ് എന്നാണ് നമ്മളൊക്കെ കേട്ടിട്ടുള്ളത്. സിനിമയിൽ എന്നതുപോലെ ജീവിതത്തിലും അദ്ദേഹം തകർത്ത് അഭിനയിക്കുകയായിരുന്നുവോയെന്ന് തോന്നിപ്പോകുന്നു." ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആലപ്പി അഷ്‌റഫറിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ