37 വര്‍ഷത്തിന് ശേഷം ആ അപൂര്‍വ്വത; 'തുടരു'മിന് ശേഷവും കാസ്റ്റിംഗില്‍ കൗതുകങ്ങളുമായി തരുണ്‍ മൂര്‍ത്തി

Published : Mar 27, 2026, 07:55 PM IST
Jagadish is also in police uniform in mohanlal starrer l 366 by tharun moorthy location video

Synopsis

മോഹന്‍ലാലും ജഗദീഷും 'വന്ദനം' എന്ന ചിത്രത്തിന് ശേഷം വീണ്ടും പൊലീസ് വേഷത്തില്‍ ഒന്നിക്കുന്നു

മോഹന്‍ലാലിന്‍റെ അണ്ടര്‍റേറ്റഡ് കോമ്പിനേഷനുകളിലൊന്നാണ് ജഗദീഷുമൊത്ത് ഉള്ളത്. ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, തിലകന്‍ കോമ്പോകള്‍ പോലെയൊന്നും പ്രേക്ഷകര്‍ക്കിടയില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രസകരമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും ഒരുമിച്ച് പലതവണ അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു വന്ദനത്തിലേത്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മോഹന്‍ലാലും ജഗദീഷും. കേരള പൊലീസില്‍ എസ്ഐമാരായ ഇരുവരും ബെംഗളൂരുവില്‍ ഒരു കേസിന്‍റെ അന്വേഷണത്തിനായി പോവുന്നതായിരുന്നു വന്ദനത്തില്‍. നായകനോട് അസൂയയുള്ള, പാര പണിയാന്‍ നടക്കുന്ന സഹപ്രവര്‍ത്തകനായിരുന്നു ജഗദീഷ് അവതരിപ്പിച്ച എസ് ഐ പുരുഷോത്തമന്‍ നായര്‍. ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരു ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ ഒന്നിക്കുകയാണ്.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എല്‍ 366 (വര്‍ക്കിംഗ് ടൈറ്റില്‍) ല്‍ ആണ് ജഗദീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വന്ദനത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഒരു ചിത്രം പിന്നീട് ആദ്യമായി ആവും. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് തന്നെ അദ്ദേഹം പൊലീസ് യൂണിഫോമില്‍ ഉള്ളതായിരുന്നു. ലവ്‍ലജന്‍ എന്ന കൗതുകമുണര്‍ത്തുന്ന പേരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റേത്. ഇപ്പോഴിതാ അണിയറക്കാര്‍ പുറത്തുവിട്ട ഒരു ലൊക്കേഷന്‍ വീഡിയോയില്‍ പൊലീസ് യൂണിഫോമില്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ നില്‍ക്കുന്ന ജഗദീഷിനെയും കാണാം.

 

 

ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാലു അലക്സിന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ ആണ് നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ വീഡിയോയിലാണ് കാക്കി അണിഞ്ഞ ജഗദീഷ് ഉള്ളത്. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കിടയിലുള്ള കെമിസ്ട്രി എന്താണെന്നറിയാന്‍ കാത്തിരിക്കണം. ചിത്രത്തിന്‍റെ മറ്റ് കാസ്റ്റിംഗും കൗതുകം പകരുന്നതാണ്. മീര ജാസ്മിന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലു അലക്സ്, മനോജ് കെ ജയൻ, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ഖ്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈജു കുറുപ്പ്, അനുശ്രീ, ജോമോന്‍ ജ്യോതിര്‍ കേന്ദ്രകഥാപാത്രങ്ങള്‍; 'പ്രേംപാറ്റ' തുടങ്ങി
'സിബിഐ 6-ാം ഭാ​ഗം', ആ വീഡിയോ കണ്ട് ആഘോഷിക്കാന്‍ വരട്ടെ; വസ്‍തുത വെളിപ്പെടുത്തി കെ മധു