
കൊച്ചി: 13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. പിന്നീട് സിബിഐ 5, വല എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരുന്ന താരത്തിന്‍റെ സാന്നിധ്യം മറ്റ് താരങ്ങള്‍ക്കും വലിയ ആവേശമാണ് ഉണ്ടാക്കിയത്. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.
മോഹന്‍ലാലും മറ്റ് താരങ്ങളും ജഗതിയുമായി സൗഹൃദം പുലര്‍ത്തുന്ന ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേ സമയം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അമ്മ ജനറല്‍ യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.
പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതിൽ ഇന്ന് ജനറൽ ബോഡി യോഗത്തിൽ ചർച്ച നടക്കും. ഉണ്ണി മുകുന്ദന്റെ ഒഴിവിൽ ട്രഷറർ സ്ഥാനത്തേക്കും പുതിയ താരം വരും.
സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.