
ബോളിവുഡിലെ പ്രതിഭാധനരായ അഭിനേതാക്കളുടെ ലിസ്റ്റില്‍ ഉറപ്പായും ഇടം പിടിക്കുന്ന ആളാണ് അക്ഷയ് ഖന്ന. ഇന്‍ട്രോവെര്‍ട്ട് ആയ അദ്ദേഹത്തിന്‍റെ ഓഫ് സ്ക്രീന്‍ പെര്‍സോണയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച് ഇന്‍ഡസ്ട്രിയില്‍ നിന്ന് എത്തുന്ന പുതിയ വാര്‍ത്തകള്‍ മുന്‍പ് കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ്. ദൃശ്യം 3 ഹിന്ദി റീമേക്കില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ പിന്മാറ്റത്തെക്കുറിച്ചുള്ളതാണ് അത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്ന് മാത്രമല്ല, അക്ഷയ് ഖന്നയ്ക്ക് പകരമെത്തുന്ന നടനുമായി കമ്പനി കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു.
ഹിന്ദി ദൃശ്യം 2 ല്‍ അജയ് ദേവ്ഗണ്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ഐജി തരുണ്‍ അഹ്‍ലാവത്തിനെയാണ് അക്ഷയ് ഖന്ന അവതരിപ്പിച്ചത്. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ കൈയടി നേടുകയും ചെയ്തിരുന്നു. സ്വാഭാവികമായും മൂന്നാം ഭാഗത്തിലും അദ്ദേഹം ഒരു പ്രധാന സാന്നിധ്യം ആവേണ്ടതായിരുന്നു. അതിനാല്‍ത്തന്നെ അക്ഷയ് ഖന്നയുടെ പൊടുന്നനെയുള്ള പിന്മാറ്റം അദ്ദേഹത്തിന്‍റെ ആരാധകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ദൃശ്യം 3 മായി ബന്ധപ്പെട്ട് അക്ഷയ് ഖന്നയുമായി കഴിഞ്ഞ മാസം കരാര്‍ ഒപ്പ് വച്ചിരുന്നതാണെന്നും അഡ്വാന്‍സ് പ്രതിഫലവും നല്‍കിയിരുന്നുവെന്നും നിര്‍മ്മാതാവ് കുമാര്‍ മംഗത് പതക് പറയുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
ബോളിവുഡില്‍ ഈ വര്‍ഷം വമ്പന്‍ വിജയം നേടിയ രണ്ട് ചിത്രങ്ങളില്‍ (ധുരന്ദര്‍, ഛാവ) അക്ഷയ് ഖന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിനാല്‍ ദൃശ്യം 3 ല്‍ പറഞ്ഞുറപ്പിച്ചതിലും കൂടുതല്‍ തുക ആവശ്യപ്പെട്ടത് നിര്‍മ്മാതാക്കള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്ന് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പല തവണ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ദൃശ്യം 3 ല്‍ അക്ഷയ് ഖന്നയുടെ പ്രതിഫലം തങ്ങള്‍ നിശ്ചയിച്ചതെന്നും അത് ദൃശ്യം 2 ല്‍ അദ്ദേഹത്തിന് നല്‍കിയതിനേക്കാള്‍ മൂന്ന് മടങ്ങ് അധികമാണെന്നും കുമാര്‍ മംഗത് പതക് പറയുന്നു. എന്നാല്‍ മറ്റൊരു കാര്യമാവാം അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിന് കാരണമെന്നും നിര്‍മ്മാതാവ് സൂചന തരുന്നുണ്ട്. ചിത്രത്തിലെ തന്‍റെ ലുക്ക് സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന സംശയമാണ് അത്.
കഷണ്ടി കയറിയ യഥാര്‍ഥ ഗെറ്റപ്പിലാണ് ഐജി തരുണ്‍ അഹ്‍ലാവത്ത് ആയി ദൃശ്യം 2 ല്‍ അക്ഷയ് എത്തിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്‍റെ കഥാപാത്രത്തിന് ഒരു വിഗ് വേണമെന്ന് അദ്ദേഹം ശഠിച്ചെന്ന് കുമാര്‍ മംഗത് പതക് പറയുന്നു. “കഥാപാത്രത്തിന്‍റെ ലുക്കില്‍ പെട്ടെന്ന് ഒരു മാറ്റം കൊണ്ടുവന്നാല്‍ അത് വിശ്വസനീയമായി തോന്നില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ഞങ്ങളുടെ വാദം സമ്മതിച്ചിട്ടാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടത്. ഇത് 500 കോടി നേടുന്ന ചിത്രമാവും എന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു”, കുമാര്‍ മംഗത് പതക് പറയുന്നു.
പൊടുന്നനെ ഒരു ദിവസം ഒരു മെസേജിലൂടെയാണ് താന്‍ ഈ ചിത്രം ചെയ്യുന്നില്ലെന്ന് അക്ഷയ് ഖന്ന അറിയിച്ചതെന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് അദ്ദേഹം കോളുകള്‍ എടുക്കുന്നില്ലെന്നും മെസേജുകള്‍ക്ക് പ്രതികരിക്കുന്നില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വക്കീല്‍ നോട്ടീസ് അയച്ചിട്ടും നടന്‍റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിഗ് വേണ്ടെന്ന് പറഞ്ഞതാണോ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. യൈആര്‍എഫ് സ്റ്റുഡിയോസില്‍ ഡിസംബര്‍ 18 ന് ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തിനായി മാര്‍ച്ച് വരെ അക്ഷയ് ഖന്ന ഡേറ്റ് നല്‍കിയിരുന്നുവെന്നും അദ്ദേഹം കാരണം തങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും നിര്‍മ്മാതാവ് കുമാര്‍ മംഗത് പതക് പറയുന്നു. അതേസമയം അക്ഷയ് ഖന്ന പിന്മാറിയ ഒഴിവിലേക്ക് മറ്റൊരു നടനെ കാസ്റ്റ് ചെയ്തിട്ടുമുണ്ട് നിര്‍മ്മാതാക്കള്‍. ജയ്ദീപ് അഹ്‍ലാവത്ത് ആണ് അത്.
ദൃശ്യം 3 ല്‍ താന്‍ ഉണ്ടാവില്ലെന്ന് ധുരന്ദര്‍ റിലീസിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് അക്ഷയ് ഖന്ന മെസേജ് അയച്ചതെന്ന് കുമാര്‍ മംഗത് പതക് പറയുന്നു. ധുരന്ദര്‍ നേടിയ വലിയ വിജയം അക്ഷയ്‍യുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നാണ് താന്‍ കരുതുന്നതെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ