
സമീപകാലത്ത് മുഴുനീള വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങളേക്കാള്‍ അഭിനന്ദനങ്ങളാണ് ജയിലറിലെ അതിഥിവേഷത്തിന് മോഹന്‍ലാലിന് ലഭിക്കുന്നത്. മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലുമൊത്ത് ഒരു മുഴുനീള ചിത്രം ചെയ്യാനുള്ള ആഗ്രഹം ജയിലര്‍ റിലീസിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ പങ്കുവച്ചിരുന്നു. ജയിലറിലെ ഓരോ അതിഥിവേഷങ്ങള്‍ക്കൊക്കെ സ്ക്രീന്‍ ടൈം കുറവാണെങ്കിലും മോഹന്‍ലാലിന്‍റേത് ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ വിശദമായ പശ്ചാത്തലങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ മാത്യുവിന്‍റെ പശ്ചാത്തലവും വിശദാംശങ്ങളും പറയുകയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണന്‍.
"മോഹന്‍ലാല്‍ സാറിന്‍റെ ഇന്‍ട്രോ സീന്‍ ഹൈദരാബാദിലാണ് എടുത്തത്. ആ സീന്‍ ഒരു മുറിയില്‍ ചിത്രീകരിച്ചാലോ എന്ന് നെല്‍സണാണ് ചോദിച്ചത്. സാധാരണ ഗാരേജുകളിലൊക്കെയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുക. ഒരു മുറിയില്‍ ചിത്രീകരിച്ചാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമല്ലോ എന്ന് പറഞ്ഞു. ആ മുറിയെ ഇരുണ്ടതാക്കി. മുറിയുടെ സീലിംഗ് തുറന്ന് അവിടെ ഒരു ലൈറ്റ് വച്ചു. കളര്‍ പെയിന്‍റ് അടിച്ച് ഒരു പാലറ്റ് സൃഷ്ടിച്ചതിന് ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്", എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് കാര്‍ത്തിക് പറഞ്ഞു.
"മാത്യുവിനെക്കുറിച്ച് നെല്‍സണ്‍ പറഞ്ഞ ഐഡിയ നല്ലതായിരുന്നു. മോഹന്‍ലാല്‍ സാറിന്‍റെ കഥാപാത്രം ലെതറിലുള്ള ഒരു ഏപ്രണ്‍ ധരിച്ചിരുന്നു. അതിലേയ്ക്കാണ് രക്തം തെറിക്കുന്നത്. നെല്‍സണ്‍ എല്ലാത്തിനും ഒരു ബാക്ക്സ്റ്റോറി വച്ചിട്ടുണ്ടായിരുന്നു. അത് സൂപ്പര്‍ ആണ്. അത് വച്ച് തന്നെ സ്പിന് ഓഫുകള്‍ എടുക്കാന്‍ പറ്റും", ഛായാഗ്രാഹകന്‍ പറയുന്നു- "ജയിലറില്‍ ലാല്‍ സാര്‍ ബോംബെയില്‍ ഒരു ഡോണ്‍ ആണ്. സമൂഹത്തെ കാണിക്കുന്നതിനായി അദ്ദേഹം ഒരു ലെതര്‍ കയറ്റുമതി കമ്പനി നടത്തുന്നുണ്ട്. ഡോണ്‍ എന്ന നിലയ്ക്കുള്ള മറ്റ് ബിസിനസുകളൊക്കെ പിന്നണിയിലാണ് നടത്തുന്നത്. അവസാനം രജനി സാറിനെ കൊണ്ടുപോയി തോക്ക് കൊടുക്കുന്ന സമയത്ത് ആ സ്ഥലത്ത് നിറയെ ലെതര്‍ സംഗതികള്‍ കാണാം. ആ സ്ഥലം തുറന്നാല്‍ ഒരു രഹസ്യ വഴി ഉള്ളതായി കാണാം. അവിടെയാണ് തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മാത്യുവിന്‍റെ കഥ മുഴുവന്‍ നെല്‍സണ്‍ പറഞ്ഞിരുന്നു. സൌത്ത് മുംബൈയിലും മറ്റും 1950 കളില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടം പോലെ ഒരിടത്താണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമൊക്കെ. അവിടെയാണ് അദ്ദേഹത്തിന്‍റെ ഓഫീസ്. ലാല്‍ സാര്‍ നടന്നുവരുമ്പോള്‍ കുറച്ചുപേര്‍ എണീറ്റ് നില്‍ക്കുന്നില്ലേ. അവരൊക്കെ അദ്ദേഹത്തിന്‍റെ ബാക്കെന്‍ഡ് ഓഫീസ് സ്റ്റാഫ് ആണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും നെല്‍സണ്‍ ഇത്തരത്തിലുള്ള മുഴുവന്‍ കഥകള്‍ വച്ചിരുന്നു", വിജയ് കാര്‍ത്തിക് കണ്ണന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ