ജല്ലിക്കട്ടിന് 'യു/എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം ഒന്നര മണിക്കൂര്‍

By Web TeamFirst Published Oct 2, 2019, 6:19 PM IST
Highlights

സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ കേരള റിലീസ് വെള്ളിയാഴ്ച.
 

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 'യു/എ' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഒരു മണിക്കൂര്‍ 31 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മലയാളി സിനിമാപ്രേമികളില്‍ ഏറെ കാത്തിരിപ്പുയര്‍ത്തിയ ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പ്രീമിയര്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. വിദേശ ഡേലിഗേറ്റുകള്‍ ഉള്‍പ്പെട്ട സദസ്സ് നീണ്ട കരഘോഷത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരായുള്ള ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ നാളെയും അഞ്ചാം തീയ്യതിയും ചിത്രത്തിന് പ്രദര്‍ശനമുണ്ട്. ഇതിന് മുന്നോടിയായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജല്ലിക്കട്ടിന്റെ ട്രെയ്‌ലര്‍ ആദ്യമായി പുറത്തുവിട്ടത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന് അബ്ദുസമദ് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. മൂവായിരത്തോളം എക്‌സ്ട്ര അഭിനേതാക്കളും ചില രംഗങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ലിജോയുടെ അങ്കമാലി ഡയറീസിന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതം.

click me!