ഷൂട്ടിംഗ് നിലച്ചു, ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ല; ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റ് ബോളിവുഡ് താരം

By Web TeamFirst Published Jun 29, 2020, 10:29 PM IST
Highlights

അമീര്‍ ഖാന്‍ ചിത്രമായ ഗുലാമില്‍ സഹനടനായി വേഷമിട്ട ജാവേദ് ഹൈദറാണ് ലോക്ക്ഡൌണ്‍ കാലത്ത് ഉപജീവനമാര്‍ഗത്തിനായി റോഡില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്നത്. 

ദില്ലി: ലോക്ക്ഡൌണില്‍ മറ്റ് ജീവിത മാര്‍ഗങ്ങള്‍ അടഞ്ഞതോടെ റോഡില്‍ പച്ചക്കറി വില്‍പനയുമായി ബോളിവുഡ് താരം. അമീര്‍ ഖാന്‍ ചിത്രമായ ഗുലാമില്‍ സഹനടനായി വേഷമിട്ട ജാവേദ് ഹൈദറാണ് ലോക്ക്ഡൌണ്‍ കാലത്ത് ഉപജീവനമാര്‍ഗത്തിനായി റോഡില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്നത്. ചലചിത്രതാരമായ ഡോളി ബിന്ദ്രയാണ് താരത്തിന്‍റെ അവസ്ഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

He is an actor aaj woh sabzi bech raha hain javed hyder pic.twitter.com/4Hk0ICr7Md

— Dolly Bindra (@DollyBindra)

റോഡരുകില്‍ നിന്ന് ഉന്തുവണ്ടിയില്‍ ജാവേദ് പച്ചക്കറി വില്‍ക്കുന്ന ദൃശ്യങ്ങള്‍ ഡോളി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. കൊവിഡ് 19 വ്യാപനത്തേത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ഷൂട്ടുകള്‍ നിലച്ചു. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജോലി വേണമായിരുന്നുവെന്നാണ് ജാവേദ് പറയുന്നതെന്ന് ഡോളി വിശദമാക്കുന്നു. പച്ചക്കറി വില്‍ക്കേണ്ടി വന്നതില്‍ അഭിമാനക്കുറവൊന്നും തോന്നുന്നില്ലെന്നും ഈ ദുരിതകാലം തീരുമെന്നും താരം പ്രതീക്ഷ പങ്കുവയ്ക്കുന്നു. കഷ്ടപ്പാടിനിടയിലും പോരാടാനുള്ള ജാവേദിന്‍റെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. 

ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടരുത് എന്നതിന്‍റെ മികച്ച ഉദാഹരണമാണ് നടന്‍ എന്നും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ലോക്ക്ഡൌണ്‍ കാലത്ത് വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായതോടെ പലരും സ്ഥിരം തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടുന്ന സംഭവങ്ങള്‍ വാര്‍ത്തയായിരുന്നു. മാസങ്ങളായി ഷൂട്ടിങ് സ്തംഭിച്ചതോടെ സിനിമാ മേഖലയിലുള്ളവരു‌‌‌ടെ സ്ഥിതിയും മറ്റൊന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് ജാവേദിന്‍റെ അനുഭവം. 1998ല്‍ ഗുലാം, 2009ല്‍ ബാബര്‍ എന്നീ സിനിമകളില്‍ ഹൈദര്‍ വേഷമിട്ടിട്ടുണ്ട്. 2012ല്‍ ജാനീ ഔര്‍ ജുജു എന്ന ടെലിവിഷന്‍ സീരീസിലും അഭിനയിച്ചു. 2017ല്‍ ലൈഫ് കി ഐസി കി കൈസി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

click me!