
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തിയ തന്‍റെ ചിത്രം പഠാന്‍ വന്‍ വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന് മാത്രമല്ല കൊവിഡ് കാലത്ത് വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡിനും വലിയ തിരിച്ചുവരവാണ് ചിത്രം നല്‍കിയത്. ഷാരൂഖിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചൊക്കെയുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് പഠാന്‍. എന്നാല്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് ലേശം നിരാശ തോന്നാവുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കിംഗ് ഖാന്‍ നായകനാവുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്ന സമയത്ത് എത്തിയേക്കില്ല എന്നതാണ് അത്.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രത്തിന്‍റെ ടൈറ്റിലിനൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂണ്‍ 2 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ അറിയിപ്പ്. എന്നാല്‍ ചിത്രം ഈ ഡേറ്റില്‍ എത്തില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇപ്പോള്‍ അറിയിക്കുന്നത്. ചിത്രീകരണം പോലും ഇനിയും പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണുള്ളത്. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നീളും. ഈ സാഹചര്യത്തില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.
ALSO READ : സിസിഎല്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ കേരള സ്ട്രേക്കേഴ്സ്; എട്ട് ടീമുകളില്‍ എട്ടാമത്