'അക്ഷയ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്‍തവരുണ്ട്, പക്ഷേ...'; രാജീവ് രവി പറയുന്നു

Published : Mar 15, 2023, 11:42 AM IST
'അക്ഷയ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്‍തവരുണ്ട്, പക്ഷേ...'; രാജീവ് രവി പറയുന്നു

Synopsis

മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ റീമേക്ക്, അക്ഷയ് കുമാര്‍ നായകനായ സെല്‍ഫിയുടെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്

ചലച്ചിത്ര സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ തന്‍റേതായ വേറിട്ട വഴികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സൂക്ഷിക്കുന്ന ആളാണ് രാജീവ് രവി. തന്‍റെ തീരുമാനങ്ങള്‍ക്ക് പിറകിലുള്ള കാരണങ്ങളെക്കുറിച്ച് പലപ്പോഴും താത്വികമായ വിലയിരുത്തലുകള്‍ നടത്തുന്നയാളും. ഇപ്പോഴിതാ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ജോലി ചെയ്യുന്ന സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. സംവിധായകന്‍ എന്ന നിലയില്‍ താന്‍ മുന്നോട്ടുവെക്കുന്ന സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ചിത്രങ്ങളാണല്ലോ പലപ്പോഴും ഛായാഗ്രഹണത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ടെന്ന് പറയുന്നു രാജീവ് രവി. അതിനുള്ള തന്‍റെ മറുപടിയും പങ്കുവെക്കുന്നു അദ്ദേഹം. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് രവിയുടെ അഭിപ്രായ പ്രകടനം.

മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ റീമേക്ക്, അക്ഷയ് കുമാര്‍ നായകനായ സെല്‍ഫിയുടെ ഛായാഗ്രാഹകന്‍ രാജീവ് രവി ആയിരുന്നു. മികച്ച വിജയം നേടിയ ഒരു മലയാള ചിത്രത്തിന്‍റെ റീമേക്ക് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് എന്ത് പറയുന്നുവെന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും ബോക്സ് ഓഫീസ് ട്രെന്‍ഡുകള്‍ ശ്രദ്ധിക്കാറില്ലെന്നും പറയുന്നു രാജീവ് രവി. "അദാനി ഗ്രൂപ്പിന്‍റെ ഓഹരിവിലയില്‍ ദിനംപ്രതി വ്യത്യാസം വരുന്നതുപോലെയാണ് അത്. ഉയരുകയും താഴുകയും ചെയ്യും. അതിജീവിനത്തിനായാണ് ഇത്തരം ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം വലിയ ചിത്രങ്ങളില്‍ ഒരു ടെക്നീഷ്യന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ എനിക്ക് സൃഷ്ടിക്കാനാവുക." 

"സ്വന്തം സിനിമാ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ഒരു സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതല്ല നമ്മള്‍ സൃഷ്ടിക്കേണ്ട സിനിമയെന്ന് എനിക്ക് പറയാനാവില്ല. അത് മറ്റൊരാളുടെ വര്‍ക്ക് ആണ്. ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രതിഫലം പറ്റുന്ന ഒരു ജോലി ഞാന്‍ ചെയ്യുകയാണ്. അങ്ങനെ കിട്ടുന്ന പണം എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കുകയാണ്. എന്‍റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത്, അക്ഷയ് കുമാറിനൊപ്പം എനിക്ക് എങ്ങനെ ജോലി ചെയ്യാനായി എന്ന് ആരായുന്നവരുണ്ട്. പക്ഷേ അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അത് മറ്റ് രീതികളില്‍ എനിക്ക് ഉപകാരപ്പെടുന്നുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രങ്ങളൊക്കെ ചെയ്യുമ്പോഴും ഞാനെന്‍റെ ആത്മാവിനെ പണയപ്പെടുത്തിയിട്ടില്ല", രാജീവ് രവി പറയുന്നു. അതേസമയം അക്ഷയ് കുമാറിന്‍റെ 2021 ചിത്രം ബെല്‍ബോട്ടത്തിന്‍റെയും സിനിമാറ്റോഗ്രഫി രാജീവ് രവി ആയിരുന്നു. 

അതേസമയം നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിച്ച തുറമുഖമാണ് രാജീവ് രവിയുടെ ഏറ്റവും പുതിയ റിലീസ്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : 'ആര്‍ആര്‍ആര്‍' ഓസ്‍കര്‍; ആന്ധ്ര മുഖ്യമന്ത്രിയെ പൊട്ടക്കുളത്തിലെ തവളയെന്ന് വിളിച്ച് അഡ്‍നാന്‍ സാമി; വിമര്‍ശനം

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ