
കേരളം അതിജീവിച്ച മഹാപ്രളയം പശ്ചാത്തലമാക്കി ജയരാജിന്റെ സിനിമ വരുന്നു. 'രൗദ്രം 2018' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രമാണ് 'രൗദ്രം 2017'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി. കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാത്ത പോസ്റ്റര്‍ ടൊവീനോ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് രൗദ്രം 2018ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൃദ്ധ ദമ്പതികളുടെ വേഷത്തിലാണ് ഇരുവരും എത്തുക. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ ഭയാനകത്തിലും രണ്‍ജി പണിക്കര്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകൃതിയുടെ സംഹാരരൗദ്ര താളത്തിനുമുന്നില്‍ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടോവിനോ കുറിച്ചു. പ്രളയത്തിന്റെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന് നിലയില്‍, യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂര്‍ (എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന്‍ (മേക്ക്-അപ്പ്), സുലൈമാന്‍ (കോസ്റ്റിയൂം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍),മ.മി.ജോ. (ഡിസൈന്‍) എന്നിവര്‍ അണിയറയിലുണ്ട്. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും, ബേയ്ജിങ്, മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലുള്‍പ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ