Happy Birthday Jayaram: ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവർ പ്രേമത്തിലാണ്’, ശ്രീനിവാസൻ വിളിച്ചുപറഞ്ഞു

By Web TeamFirst Published Dec 10, 2021, 9:55 AM IST
Highlights

പരമരഹസ്യമായി വച്ചിരുന്ന ഒരു കാര്യം എങ്ങനെ അറിഞ്ഞുവെന്ന ജയറാമിന്റെ ചോദ്യത്തിന് ശ്രീനിവാസൻ മറുപടി പറഞ്ഞു.

'ഞങ്ങൾ അവിടെ ഇരിക്കുന്ന സമയത്ത് ശ്രീനിയേട്ടൻ കുറച്ച് സമയം ഞങ്ങളെ തന്നെ നോക്കി ഇരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീനിയേട്ടൻ സത്യൻ അന്തിക്കാടിനെ വിളിച്ച് പറഞ്ഞു, ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവർ തമ്മിൽ പ്രേമത്തിലാണ്’, പാർവതിയുമായുള്ള പ്രണയത്തെ കുറിച്ച് ഒരിക്കൽ ജയറാം (Jayaram) പറഞ്ഞ വാക്കുകളാണിത്. സിനിമ മേഖലയിൽ ആരും അറിയാതിരുന്ന പ്രണയമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. എന്നാൽ ശ്രീനിവാസനും ജയറാമും നായകന്മാരായെത്തിയ 'തലയണമന്ത്രം' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ആ രഹസ്യം പരസ്യമായി.

പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവതിയുമെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്‍ട്രിയും കാളിദാസിനും മാളവികയ്ക്കും നല്ല മാതാപിതാക്കളായി ഇരിക്കുന്നതും തന്നെയാണ് അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

'അപരന്‍' എന്ന സിനിമയിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയിലെത്തുന്നത്. പാർവതിയുടെ സഹോദരന്റെ വേഷമാണ് ജയറാം കൈകാര്യം ചെയ്‍തത്. പിന്നീട് 'വിറ്റ്നസ്',' പൊന്മുട്ടയിടുന്ന താറാവ്' എന്നീ ചിത്രങ്ങളിലിരുവരും ഒന്നിച്ചഭിനയിച്ചുവെങ്കിലും 1989 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പെരുവണ്ണാപുരത്തെ പുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായത്.

ഇക്കാലത്ത് തന്നെ മലയാളത്തിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി പാര്‍വതി മാറിയിരുന്നു. സിനിമയിലെത്തിയ തുടക്ക കാലത്ത് തന്നെ പ്രണയത്തിലായ പാർവതിയും ജയറാമും അക്കാര്യം എല്ലാവരില്‍ നിന്നും മറച്ച് വെച്ചു. താരങ്ങളെ വച്ച് ഗോസിപ്പുകളും ഇറങ്ങി. എന്നാൽ ഈ വിഷയം മലയാള സിനിമയുടെ അകത്ത് ചർച്ച തുടങ്ങിയ സമയത്താണ് 'തലയണമന്ത്ര'ത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് ഈ സംശയം സാധൂകരിക്കാൻ ഏൽപ്പിച്ചതാകട്ടെ സാക്ഷാൽ ശ്രീനിവാസനെയും.

ശ്രീനിവാസന്റെ നിരീക്ഷണത്തിനൊടുവിൽ ഇരുവരും പ്രണയത്തിലാണെന്ന് കണ്ടെത്തുകയും ചെയ്‍തു. പരമരഹസ്യമായി വച്ചിരുന്ന ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്ന ജയറാമിന്റെ ചോദ്യത്തിന്  ‘സെറ്റിലുള്ള ബാക്കിയെല്ലാവരുമായി നീ സംസാരിക്കുന്നുണ്ട്, അശ്വതിയുമായി മാത്രം സംസാരിക്കുന്നില്ല, അവരും ബാക്കിയുള്ളവരുമായി സംസാരിക്കുന്നുണ്ട് നിന്നോട് മാത്രം മിണ്ടുന്നില്ല. എന്തിന് ഒരു ഗുഡ് മോർണിങ് പോലും പരസ്‍പരം പറയുന്നില്ല.’ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

ശേഷവും പരസ്യമായ രഹസ്യം പോലെ വീട്ടുകാരുടെ എതിര്‍പ്പുകളെ അതിജീവിച്ച് ഇരുവരുടെയും പ്രണയം തുടർന്നു. ഒടുവില്‍ വിവാഹത്തിലൂടെ ഒന്നാവാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമും പാര്‍വതിയും ഒന്നായി. അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു അത്. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ശേഷം നടന്ന റിസപ്ഷൻ കൊച്ചിയിലുമായിരുന്നു നടന്നത്. വൻ താരനിര തന്നെയാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും ബൈ പറഞ്ഞെങ്കിലും ജയറാം ഇന്നും ഇൻഡസ്‍ട്രിയിൽ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി എന്ന ജയറാമിന്റെ അശ്വതിയിപ്പോൾ. മതാപിതാക്കളുടെ വഴിയെ തന്നെയാണ് മകൻ കാളിദാസ്. മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ മിമിക്രിയും ഈ യുവതാരത്തിന് വശമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മകൾ മാളവിക. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.

click me!