നടൻ ഇന്ദ്രൻസിന്‍റെ പുതിയ ചിത്രമായ ആശാന്‍റെ പ്രീ-റിലീസ് ഇവന്‍റില്‍ അഭിനേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് സംസാരിച്ച് മമ്മൂട്ടി

അഭിനേതാവ് എന്ന നിലയില്‍ സമീപവര്‍ഷങ്ങളില്‍ ഒരു രണ്ടാം ഘട്ടം ലഭിച്ച ആളാണ് ഇന്ദ്രന്‍സ്. മുന്‍പ് നിരവധി കോമഡി റോളുകളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഇന്ദ്രന്‍സ് ഇപ്പോള്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ അമ്പരപ്പിക്കുകയാണ്. ആ പഴയ ഇന്ദ്രന്‍സ് തന്നെയാണോ ഇതെന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രകടനവും കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്‍റേതായി വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ദ്രന്‍സ് എന്ന അഭിനേതാവിന്‍റെ വളര്‍ച്ചയെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തുന്ന ആശാന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

മമ്മൂട്ടി പറയുന്നു

ഒരുകാലത്ത് ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിംഗ് നടത്തുന്ന തരത്തിലുള്ള റോളുകളാണ് അദ്ദേഹത്തിന് അഭിനയിക്കേണ്ടിവന്നതെങ്കില്‍ ഇന്ന് അഭിനയം കൊണ്ട് മറ്റുള്ളവരെ അദ്ദേഹം ഷെയിം ആക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. “ഇന്ദ്രന്‍സ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു തരം ബോഡി ഷെയ്മിം​ഗ് റോളുകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ചില സിനിമകള്‍ കാണുമ്പോള്‍ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ആദ്യമൊക്കെ ആളുകള്‍ കളിയാക്കി പറഞ്ഞത് അദ്ദേഹത്തിന് പലമടങ്ങ് പ്ലസ് ആയി മാറി. എല്ലാ കുറവുകളും അദ്ദേഹത്തിന്‍റെ ക്വാളിറ്റികളായി മാറുകയായിരുന്നു. കുറേയേറെ സിനിമകള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കാണും. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങള്‍ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ കുട്ടന്‍റെ ഷിനി​ഗാമി എന്ന സിനിമ. അതും നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. എന്നാ കളിയാണ് ഇയാള്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങള്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആള്‍ ആണ് കാലനായി അഭിനയിക്കുന്നത്. അതും നല്ല സിനിമയാണ്. അതില്‍ ജാഫര്‍ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരുപാട് നല്ല കഥയും കഥാപാത്രങ്ങളും, അഭിനയിക്കാന്‍ അവസരമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തില്‍ ഉണ്ടാവുന്നുണ്ട്. അത് നമ്മുടെ ഭാ​ഗ്യമോ നമ്മുടെ പ്രേക്ഷകരുടെ ഭാ​ഗ്യമോ അവരുടെ സഹകരണമോ പ്രോത്സാഹനമോ ഒക്കെത്തന്നെയാണ്”, മമ്മൂട്ടി പറഞ്ഞു.

ഗപ്പി, അമ്പിളി എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് ആശാന്‍റെ സംവിധായകന്‍. സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളെയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ച് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ- “ഇതുവരെ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല. ഈ സിനിമയോടുള്ള സമീപനം, അത് എടുത്തിരിക്കുന്ന രീതി, അഭിനേതാക്കളുടെ പ്രകടനങ്ങള്‍ ഒക്കെ മികച്ചതാണ്. ഇതൊരു അത്ഭുത പരിപാടിയാണ്. വന്‍ പരിപാടിയാണ്. ഇതിന്‍റെ കഥ കേട്ടപ്പോള്‍ കുഴപ്പം വരില്ലന്ന് ഞാന്‍ അവര്‍ക്ക് ​ഗ്യാരന്‍റി കൊടുത്തിട്ടുണ്ട്”, മമ്മൂട്ടിയുടെ വാക്കുകള്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming