
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ജയറാം. ഒരുകാലത്ത് മലയാളത്തിൽ മികച്ച കുടുംബ ചിത്രങ്ങൾ ചെയ്തിരുന്ന താരമിപ്പോൾ തമിഴിൽ സജീവമാണ്. ജയറാമിന്റെ പാതപിന്തുടർന്ന് അദ്ദേഹത്തിന്റെ മകനും ചെറുപ്പത്തിൽ സിനിമയിൽ എത്തിയിരുന്നു. കൊച്ചുകൊച്ചു സന്തോഷങ്ങൾ ആയിരുന്നു കാളിദാസിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് ജയറാം സ്വന്തമാക്കുകയുണ്ടായി.
ഇപ്പോഴിതാ ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ കാളിദാസ് ജയറാം എ.പി.ജെ അബ്‌ദുൾ കലാമിനോട് പറഞ്ഞ കാര്യങ്ങളാണ് ജയറാം പങ്കുവയ്ക്കുന്നത്. വലുതാവുമ്പോൾ ആരാവണമെന്നുള്ള എ.പി.ജെ അബ്‌ദുൾ കലാമിന്റെ ചോദ്യത്തോട് അസ്ട്രോണമി പഠിക്കണമെന്നും സ്‌പേസിൽ പോകാനെന്നും കാളിദാസ് തട്ടിവിട്ടുവെന്നാണ് ജയറാം തമാശ രൂപേണ പറയുന്നത്. തന്റെ പുതിയ സിനിമയായ പരിമള ആന്റ് കോ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ജയറാമിന്റെ പ്രതികരണം.
“അവൻ നാഷണൽ അവാർഡ് വാങ്ങാൻ പോയപ്പോഴത്തെ കഥയാണിത്. അവാർഡ് ദാന ചടങ്ങിന് തലേദിവസം അവിടെ കൃത്യമായി റിഹേഴ്സൽ ഒക്കെ ഉണ്ടായിരുന്നു; സ്റ്റേജിലേക്ക് എങ്ങനെ വരണം, എങ്ങനെ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങണം എന്നൊക്കെ അധികൃതർ കാളിദാസിന് വ്യക്തമായി പറഞ്ഞു കൊടുത്തിരുന്നു. അടുത്ത ദിവസം അവാർഡ് വാങ്ങാൻ പോയപ്പോൾ, ഫോട്ടോയിൽ കാണുന്നതുപോലെ ഇതുവരെയില്ലാത്ത ഒരു കോട്ടൊക്കെ ധരിച്ചാണ് അവൻ നിന്നത്. എന്നാൽ ആ കോട്ടിനുള്ളിൽ അവൻ ആരുമറിയാതെ ഒരു കുസൃതി ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. ആരോടോ ചോദിച്ച് സംഘടിപ്പിച്ച ഒരു ചെറിയ ഓട്ടോഗ്രാഫ് ബുക്കും പേനയും അവൻ ആ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ചു. കോട്ടിന്റെ രണ്ട് ബട്ടണുകളും തുറന്നാൽ മാത്രമേ അത് പുറത്തെടുക്കാൻ പറ്റൂ. അതൊക്കെ ഉള്ളിൽ കൃത്യമായി സെറ്റ് ചെയ്‌തിട്ടാണ് കക്ഷി സ്റ്റേജിലേക്ക് കയറിയത്.സ്റ്റേജിലെത്തി രാഷ്ട്രപതിയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിയ ഉടൻ അവൻ ചെയ്തത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. തോക്കുമേന്തി തൊട്ടടുത്ത് നിന്നിരുന്ന ആ ഏഴടി പൊക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്നിട്ട് കാളിദാസ് പറഞ്ഞു: ‘ഒരു നിമിഷം ചേട്ടാ, ഇതൊന്ന് അങ്ങോട്ട് പിടിച്ചേ’ എന്ന്.”
"തൊട്ടടുത്ത് ഗണ്ണുമായി നിൽക്കുന്ന ആ ഓഫീസറെക്കൊണ്ട് തന്റെ അവാർഡ് സർട്ടിഫിക്കറ്റ് പിടിപ്പിച്ചിട്ട്, അവൻ കോട്ടിന്റെ ബട്ടണുകളൊക്കെ തുറന്ന് ഈ ഓട്ടോഗ്രാഫ് ബുക്ക് പുറത്തെടുത്തു. ഇത് കണ്ട് ഡോ. എ.പി.ജെ. അബ്ദുൾ കലാം സർ അത്ഭുതത്തോടെ നോക്കുകയാണ്. അപ്പോൾ അവൻ പറഞ്ഞു: സർ വൺ സെക്കൻഡ്, വൺ സെക്കന്റ് ഒരു ഓട്ടോഗ്രാഫ്. ആ കൊച്ചു മിടുക്കന്റെ കുസൃതി കണ്ടതും കലാം സർ ചിരിക്കാൻ തുടങ്ങി. പിന്നീട് ഏതാണ്ട് മൂന്ന് മിനിറ്റോളം അവർ അവിടെനിന്ന് സംസാരിച്ചു. ‘നിനക്ക് ഭാവിയിൽ ആരാകണം?’ എന്ന് കലാം സർ ചോദിച്ചപ്പോൾ, അവൻ ചുമ്മാ അങ്ങ് തട്ടിവിട്ടു. എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം എന്ന്. ശരിക്കും അതവന്റെ വലിയ ആഗ്രഹമൊന്നുമല്ലായിരുന്നു, അന്ന് അവിടെവെച്ച് ചുമ്മാ പറഞ്ഞതാണ്. എങ്കിലും കലാം സാർ ഒപ്പിട്ടു നൽകിയ ആ ഓട്ടോഗ്രാഫ് ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. അതൊരു വലിയ അച്ചീവ്‌മെന്റ് തന്നെയാണ്." ജയറാം പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ