
ഒരുകാലത്ത് 100 കോടി ക്ലബ്ബ് എന്നത് അപ്രാപ്യമായാണ് മലയാള സിനിമ കരുതിയിരുന്നത്. എന്നാൽ 2016 ൽ എത്തിയ മോഹൻലാൽ ചിത്രം പുലിമുരുകനോടെ ആ എലൈറ്റ് ട്രാക്കിലേക്ക് മോളിവുഡും കയറി. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രത്തിൻറെ കളക്ഷൻ 300 കോടിയാണ് (ലോക). ഇതുവരെയുള്ള കണക്കുകൾ പ്രകാരം മലയാളത്തിൽ ഇതിനകം 100 കോടി എന്ന സംഖ്യ പിന്നിട്ടത് 14 ചിത്രങ്ങളാണ്. ഏറ്റവുമൊടുവിൽ ആ നേട്ടം സ്വന്തമാക്കിയത് ഇപ്പോഴും തിയറ്ററുകളിൽ ഉള്ള ആട് 3 എന്ന ചിത്രവും. ആട് 3 ലൂടെ ജയസൂര്യ കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കി. അദ്ദേഹത്തിൻറെ ഫിലിമോഗ്രഫി പരിശോധിക്കുമ്പോൾ ഒരു അപൂർവ്വ നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട്. അടുത്തടുത്ത റിലീസുകൾ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന റെക്കോർഡ് ആണ് അത്.
മലയാള സിനിമയിൽ ഇതുവരെ മോഹൻലാലിന് മാത്രം സ്വന്തമായ നേട്ടം. കഴിഞ്ഞ വർഷം പുറത്തെത്തിയ എമ്പുരാൻ, തുടരും എന്നിവ മോഹൻലാലിൻറെ അടുത്തടുത്ത റിലീസുകൾ ആയിരുന്നു. ഈ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബ് കടന്നു. 100 പിന്നിട്ട് 200 കോടി ക്ലബ്ബുകളും അനായാസം കടന്നുകയറി ഈ ചിത്രങ്ങൾ. മോഹൻലാൽ കൂടാതെ മലയാളത്തിൽ 100 കോടി ക്ലബ്ബ് നേട്ടങ്ങൾ സ്വന്തമാക്കിയ സോളോ ഹീറോ/ ഹീറോയിൻ എട്ട് പേരാണ്. എന്നാൽ അവരാർക്കും തുടർച്ചയായ 100 കോടി ക്ലബ്ബ് എൻട്രി ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ജയസൂര്യയ്ക്ക് അതിനുള്ള എല്ലാ സാധ്യതകളുമുണ്ട്.
ബിഗ് ബജറ്റ് ചിത്രം കത്തനാർ ആണ് ആട് 3 ന് ശേഷം തിയറ്ററുകളിൽ എത്താനിരിക്കുന്ന ജയസൂര്യ ചിത്രം. ചിത്രത്തിൻറെ ടീസർ ട്രെയ്‍ലർ അൽപം മുൻപാണ് പുറത്തെത്തിയത്. ഇംഗ്ലീഷ് അടക്കം ആറ് ഭാഷകളിലാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ഇറങ്ങിയ ഭാഷകളിലെല്ലാം മികച്ച അഭിപ്രായവും ടീസർ നേടുന്നുണ്ട്. ഹോം, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത റോജിൻ തോമസ് കത്തനാരുമായി എത്തുമ്പോൾ അത് മലയാളം കണ്ട ഏറ്റവും അംബീഷ്യസ് ചിത്രങ്ങളിൽ ഒന്നുമാണ്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ചിത്രം 100 കോടി നേടുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ സംഭവിക്കുന്നപക്ഷം മോഹൻലാലിന് ശേഷം ആ അപൂർവ്വം റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരമായി ജയസൂര്യ മാറും. അദ്ദേഹത്തിൻറെ താരമൂല്യവും കത്തനാർ മാറ്റുമെന്ന് ഉറപ്പാണ്.
കല്യാണി പ്രിയദർശൻ (ലോക), മോഹൻലാൽ (എമ്പുരാൻ, തുടരും, പുലിമുരുകൻ, ലൂസിഫർ), ടൊവിനോ തോമസ് (2018, എആർഎം), പൃഥ്വിരാജ് (ആടുജീവിതം), ഫഹദ് ഫാസിൽ (ആവേശം), നിവിൻ പോളി (സർവ്വം മായ), നസ്‍ലെൻ (പ്രേമലു), ഉണ്ണി മുകുന്ദൻ (മാർക്കോ), ജയസൂര്യ (ആട് 3) എന്നിവയാണ് മലയാളത്തിലെ 100 കോടി ക്ലബ്ബ് താരങ്ങൾ. ഇതിൽ പെടാത്ത മൾട്ടിസ്റ്റാർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമായ മഞ്ഞുമ്മൽ ബോയ്സ് 240 കോടിക്ക് മുകളിലാണ് ആകെ നേടിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ