ജയസൂര്യയുടെ സിനിമ ഓണ്‍ലൈൻ റിലീസിന്; ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് സംവിധായിക വിധു വിൻസെന്റ്

By Web TeamFirst Published May 15, 2020, 3:06 PM IST
Highlights

ഒടിടി ഫ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസായി തുടങ്ങിയാൽ  തിയറ്ററുകാര്‍ എന്തുചെയ്യുമെന്ന് സംവിധായിക വിധു വിൻസെന്റ്.

കൊവിഡ് കാലത്ത് തിയറ്ററുകള്‍ തുറക്കാൻ ഇനിയും സമയമെടുക്കും എന്നിരിക്കെ ജയസൂര്യയുടെ സിനിമ ആമസോണ്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ജയസൂര്യയും അദിതി റാവുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയുമാണ് ആമസോണില്‍ റിലീസ് ചെയ്യുക. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായിക വിധു വിൻസെന്റും ഓണ്‍ലൈൻ റിലീസ് ചെയ്യുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പറയുന്നു. സിനിമകള്‍ ഓണ്‍ലൈൻ റിലീസ് ആയി കഴിഞ്ഞാല്‍ തിയറ്ററുകാര്‍ എന്തുചെയ്യുമെന്നാണ് വിധു വിൻസെന്റ് പറയുന്നത്.

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയസൂര്യയും അദിതി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോൺ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങൾക്കും ആശംസകൾ .
തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവർക്കും പ്രതിഫലം കാത്തിരിക്കുന്നവർക്കുമൊക്കെ വലിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ.
പക്ഷേ ഒപ്പം ഓർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

കേരളത്തിൽ ചെറുതും വലുതുമായ അഞ്ഞൂറോളം തിയറ്ററുകളുണ്ട്. മൾട്ടിപ്ലക്സുകൾ വേറെയും. ഒരു സ്ക്രീൻ മാത്രമുള്ള തീയേറ്ററിൽ മിനിമം 7 - 10 ജീവനക്കാർ ഉണ്ടാവും. സ്ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും. പലിശക്ക് കടമെടുത്തും ലോൺ സംഘടിപ്പിച്ചുമൊക്കെ തീയേറ്റർ നടത്തുന്ന ഇടത്തരം തീയേറ്റർ ഉടമകൾ, (ഇങ്ങനെ തിയറ്റർ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) തിയറ്ററുകളിൽ ജോലി ചെയ്യുന്ന അയ്യായിരത്തിൽപരം ജീവനക്കാർ, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ.. ഇവരുടെയൊക്കെ ജീവിതം കൂടി ചേർത്തുവച്ച് വേണം ഈ വിഷയത്തെ കാണാൻ. ഇപ്പോൾ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേർ ഓരോ തീയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിർത്താൻ ഇടക്കിടെ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഒടിടി ഫ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസായി തുടങ്ങിയാൽ  തിയറ്ററുകാര്‍ എന്തുചെയ്യും? അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മിൽ വിശദമായ ചർച്ച ആവശ്യമാണ്.
ബോളിവുഡിലും അടുത്തിടെ തമിഴ് നാട്ടിലും സിനിമകൾ ഡിജിറ്റൽ റിലീസിംഗ് നടത്തിയിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു 'പരിഹാര 'മായി മലയാള സിനിമകൾക്കും ആ വഴി പോവേണ്ടി വരുമോ? കൊവിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കിൽ പ്രസ്‍തുത പ്രശ്‍നങ്ങൾക്ക് പരിഹാരം ഒടിടി പ്ലാറ്റ്ഫോമുകൾ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്? സിനിമാ നിർമ്മാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകൾ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചർച്ചയും ബുദ്ധിപൂർവ്വമായ ഇടപെടലും വേണം.

click me!