Latest Videos

'ജനുവരി 26ന് തീയേറ്ററില്‍ എന്നാണ് ആന്‍റണി ആദ്യം പറഞ്ഞിരുന്നത്, പക്ഷേ..'; ജീത്തു ജോസഫ് പറയുന്നു

By Web TeamFirst Published Jan 1, 2021, 11:48 AM IST
Highlights

'പലരുമായിട്ടും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയുണ്ട്. തീയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ സിനിമ തീര്‍ന്നു..'

പുതുവത്സരദിനത്തില്‍ മലയാളസിനിമയില്‍ നിന്നുള്ള സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് തീരുമാനം. തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോഴുള്ള ആദ്യ റിലീസ് എന്നു കരുതപ്പെട്ടിരുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് എത്തുക. എന്നാല്‍ തീയേറ്റര്‍ റിലീസിനോടായിരുന്നു തങ്ങള്‍ക്കും ആഭിമുഖ്യമെന്നും സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ചിത്രത്തിന്‍റെ സംവിധായകനായ ജീത്തു ജോസഫ് പറയുന്നു. നിര്‍മ്മാതാവിന്‍റേതാണ് അന്തിമ തീരുമാനമെന്നും അതിനെ പിന്തുണയ്ക്കുകയാണ് സംവിധായകന്‍ എന്ന നിലയില്‍ താന്‍ ചെയ്തതെന്നും ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"തീയേറ്റര്‍ റിലീസ് എന്ന ആഗ്രഹത്തിന്‍റെ പുറത്തുതന്നെയാണ് സിനിമ ചെയ്തത്. പ്രഖ്യാപിച്ചതും ഷൂട്ട് തുടങ്ങിയതുമൊക്കെ അങ്ങനെ ആയിരുന്നു. കൊവിഡ് ആദ്യം ജൂണ്‍-ജൂലൈ മാസങ്ങളില്‍ തീരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അവസാനിക്കുമെന്നും കരുതി. ഡിസംബര്‍ ആവുമ്പോഴേക്ക് പ്രശ്നങ്ങള്‍ എന്തായാലും ഒതുങ്ങുമെന്നാണ് കരുതിയത്. 'മരക്കാര്‍' മാര്‍ച്ചിലേക്കും 'ദൃശ്യം 2' ജനുവരി 26ലേക്കും റിലീസ് ചെയ്യാമെന്നാണ് ആന്‍റണി ആദ്യം പറഞ്ഞത്. വേറെയും റിലീസ് കാത്തിരിക്കുന്ന സിനിമകള്‍ ഉണ്ടല്ലോ എന്നും. പക്ഷേ കൊവിഡ് പ്രതിസന്ധി നീണ്ടുനീണ്ടുപോയി. ആമസോണ്‍ പ്രതിനിധി ആന്‍റണിയെ സമീപിച്ചു. പക്ഷേ അപ്പൊഴും ഞങ്ങള്‍ തീരുമാനം എടുത്തിരുന്നില്ല. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് നമ്മളും ഇത്രനാള്‍ ഇത് ഹോള്‍ഡ് ചെയ്തത്. പക്ഷേ യുകെയില്‍ വീണ്ടും ഔട്ട്ബ്രേക്ക് ഉണ്ടാവുന്നു, വിമാനത്താവളങ്ങള്‍ അടയ്ക്കുന്നു, അങ്ങനെ വന്നപ്പോഴേക്ക് ഡിസംബറിലാണ് ഒടിടി തീരുമാനം എടുക്കുന്നത്", ജീത്തു ജോസഫ് പറയുന്നു.

"കാരണം മരക്കാറിന്‍റെ റിലീസ് മാര്‍ച്ചില്‍ വച്ചിരിക്കുന്നു. അതൊരു ബ്രഹ്മാണ്ഡ പടമാണ്, ഡേറ്റ് മാറ്റാന്‍ പറ്റില്ല. നമുക്ക് മുന്‍പെ ചെയ്ത ഒത്തിരി പടങ്ങള്‍ വേറെയും ഉണ്ടുതാനും. അപ്പൊ ദൃശ്യം എന്ന് റിലീസ് ചെയ്യാനാ? റിലീസ് ചെയ്താല്‍ തന്നെ ആളുകള്‍ തീയേറ്ററിലേക്ക് വരുമോ എന്ന സംശയം. ഫാമിലിയൊക്കെ ഇപ്പോഴും മടിച്ചുനില്‍ക്കുകയാ. പലരുമായിട്ടും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയുണ്ട്. തീയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ സിനിമ തീര്‍ന്നു. അപ്പോള്‍ അത് നല്ല രീതിയില്‍ ഓണ്‍ലൈനില്‍ എന്തുകൊണ്ട് റിലീസ് ചെയ്തുകൂടാ എന്ന ആലോചന വന്നു. എന്‍റെ സിനിമയ്ക്കുവേണ്ട എല്ലാ പിന്തുണയും നല്‍കിയ നിര്‍മ്മാതാവിന്‍റെ തീരുമാനത്തെ ഞാനും പിന്തുണയ്ക്കേണ്ടതുണ്ട്. നിര്‍മ്മാതാവിന്‍റേതാണ് അന്തിമ തീരുമാനം. തീയേറ്റര്‍ റിലീസ് സാധിക്കാതെപോയതില്‍ എനിക്ക് ദു:ഖവുമുണ്ട്, അത് ആന്‍റണിക്കുമുണ്ട്. തീയേറ്ററില്‍ ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാഹചര്യം അതല്ല. അപ്പൊ ഇങ്ങനെ ഒരു പ്ലാന്‍ വന്നു, ഞാനതിനെ പിന്തുണച്ചു", ജീത്തു ജോസഫ് പറയുന്നു.

click me!