
ജീത്തു ജോസഫ് ചിത്രം മിറാഷ് റിലീസിനെത്തുകയാണ്. കിഷ്‍കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മിറാഷ്. അശ്വിൻ എന്ന ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റിന്റെ കഥാപാത്രമാണ് ആസിഫ് അലി മിറാഷിൽ അവതരിപ്പിക്കുന്നത്. ഒന്നിൽ കൂടുതൽ പ്രോജക്ടുകൾ ഒരേ സമയത്ത് മാനേജ് ചെയ്തു പോകുന്നത് ബുദ്ധിമുട്ടാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ, ചില കമ്മിറ്റ്‍മെന്റുകൾ കൊണ്ട് ഒരേ സമയം ഒന്നിലധികം പ്രോജക്ടുകളുടെ ഭാഗമാവേണ്ടി വരുന്നതെന്ന് ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഫഹദിനെ വച്ചുള്ള പ്രൊജക്ടിന്റെ തിരക്കഥ നേരത്തെ പൂര്‍ത്തിയായതാണ് എന്നും ജീത്തു ജോസഫ് പറഞ്ഞു.
'2024 ഒരു സിനിമയും ചെയ്തില്ല. നുണക്കുഴി ചെയ്തതിന് ശേഷം റാമിനും ഒരു ഹിന്ദി പ്രോജക്ടിന് വേണ്ടിയും ആ വർഷം മാറ്റിവച്ചു. ഈ വർഷം ചെയ്ത പല വർക്കുകളും കഴിഞ്ഞ വർഷം ചെയ്യേണ്ടിരുന്നതാണ്. അത് ഈ വർഷം എന്റെ ഷോൾഡറിലേക്ക് എടുത്തുവച്ചു. എല്ലാത്തിന്റെയും സ്ക്രിപ്റ്റ് എല്ലാം റെഡിയായിരുന്നു. അതിനിടയിൽ അപ്രതീക്ഷിതമായി കയറി വന്നത് ദൃശ്യമായിരുന്നു. വലതുവശത്തെ കള്ളൻ എന്റെ സ്ക്രിപ്റ്റായിരുന്നില്ല, ഫഹദിനെ വച്ചുള്ള പ്രോജക്ടിന്റെ തിരക്കഥ നേരത്തെ റെഡിയായിരുന്നു. അതിൽ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടി വന്നില്ല. എങ്കിലും ബാക്ക് ടു ബാക്ക് ഷൂട്ടിംഗ് എന്നത് സ്ട്രെസ്സ് തരുന്ന ഒന്നാണ്. മിറാഷിന്റെ ഷൂട്ടിംഗ് സമയത്ത് നേരത്തെ എണീറ്റ് ഒന്ന് രണ്ട് മണിക്കൂർ ദൃശ്യം എഴുതാനിരിക്കും. സത്യത്തിൽ അഭ്യാസം പോലെയാണ് തോന്നുന്നത്. ഇതെല്ലാം കഴിഞ്ഞ് ഒന്ന് ഫ്രീയായി ഒരു പണിയും എടുക്കാതെ ഇരിക്കണം. അതാണ് ആഗ്രഹം' - ജീത്തു ജോസഫിന്റെ വാക്കുകൾ.
കൂമന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. അപർണ ബാലമുരളി, ഹക്കീം ഷാ, ഹന്ന റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗിരി എന്ന പോലീസ് വേഷം ആസിഫ് അലിയുടെ കരിയറിൽ തന്നെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ദൃശ്യം യൂണിവേഴ്‌സിലേക്ക് ഗിരി കൂടെ വന്നിരുന്നെങ്കിൽ നല്ലതായേനെ എന്ന് ആസിഫ് അലി പറഞ്ഞു. അശ്വിൻ എന്ന ഹൈപ്പർ ആക്റ്റീവായ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ഇ ഫോർ എക്സ്പിരിമെന്റസ് , നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.